ആലപ്പുഴ: കേരളത്തിലെ സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ അഗ്രഗണ്യനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മരണ നിലനിര്‍ത്തുന്നതിനും തലമുറകളിലേക്ക് അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ പകര്‍ന്നു നല്കുന്നതിനുമായി ആറാട്ടുപുഴയില്‍ അദ്ദേഹത്തിന്റെ പേരില്‍ ചരിത്ര സാംസ്കാരിക പഠന കേന്ദ്രം നിര്‍മ്മിക്കുമെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടുപുഴ വേലായുധ പണിക്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 2019-20ലെ ബജറ്റില്‍ ഒരു കോടി രൂപ ആദ്യ പിണറായി സര്‍ക്കാര്‍ നീക്കി വച്ചിരുന്നു. അദ്ദേഹത്തിന്റെ വീട് സംരക്ഷിച്ച് സംസ്കാരിക ചരിത്ര പഠനകേന്ദ്രമാക്കും.
ആറാട്ടുപുഴ വേലായുധ പണിക്കരും അദ്ദേഹം ഒന്നര നൂറ്റാണ്ട് മുമ്പ് നടത്തിയിട്ടുള്ള നവോത്ഥാന പോരാട്ടങ്ങളും ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ട്. അവര്‍ണ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി 1860ല്‍ നടത്തിയ മൂക്കൂത്തി സമരവും 1866ല്‍ നടന്ന ആദ്യ കര്‍ഷക സമരമെന്ന് അറിയപ്പെടുന്ന അച്ചിപ്പുടവ സമരവും നവോത്ഥാന ചരിത്രത്തിന്റെ ആരംഭമായിരുന്നു. മനുഷ്യന് മാന്യമായി ജീവിക്കാനുള്ള അവകാശ സംരക്ഷണ പോരാട്ടങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ശ്രീ നാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് മൂന്നു പതിറ്റാണ്ട് മുമ്പ് മംഗലത്ത് അവര്‍ണര്‍ക്ക് വേണ്ടി ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചു. സവര്‍ണ മേധാവിത്വത്തിനെതിരായ ശക്തമായ ചെറുത്തുനില്‍പ്പാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ചരിത്രത്തില്‍ വേണ്ട വിധത്തില്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടിയിട്ടില്ല. മനുഷ്യനെ മൃഗങ്ങളെപ്പോലെ പരിഗണിച്ചിരുന്ന കാലത്ത് മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനും പുരോഗമന പാതയിലേക്ക് നാടിനെ നയിക്കാനുമുള്ള ഇടപെടലുകളായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടേതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരള നവോത്ഥാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മുന്നണിയിലുണ്ടായിരുന്ന പോരാളികളെ അനുസ്മരിക്കേണ്ടത് നാടിന്റെ ചുമതലയാണ്. ആലപ്പുഴയും സമീപ പ്രദേശങ്ങളും നിര്‍ണായക സമരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. സുപ്രധാനമായ പങ്ക് വഹിച്ചിട്ടും ചരിത്രത്തിന്റെ ഏടുകളില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയ ഒട്ടേറെപ്പേരുണ്ട്. കേരള സര്‍ക്കാരും സാംസ്കാരിക വകുപ്പും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും മറ്റുവകുപ്പുകളും ചേര്‍ന്ന് സംസ്ഥാനമൊട്ടാകെ 75 ആഴ്ചകള്‍ നീളുന്ന പരിപാടികളിലൂടെ സ്വാതന്ത്ര്യ ചരിത്രത്തില്‍ അടയാളപ്പെടുത്താത്ത സമരങ്ങളും പോരാട്ടങ്ങളും സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്കൊപ്പം തന്നെ സ്മരിക്കപ്പെടുന്നതിനുള്ള പരിപാടികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാന് ആറാട്ടുപുഴ വേലായുധ പണിക്കരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. വേലായുധ പണിക്കരുടെ വീടും മന്ത്രി സന്ദര്‍ശിച്ചു.
രമേശ് ചെന്നിത്തല എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വേണ്ടി പടപൊരുതിയ ഉജ്ജ്വലനായ പോരാളിയാണ് ആറാട്ടുപുഴ വേലായുധ പണിക്കരെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സ്വാതന്ത്ര ചിന്തയിലൂടെ അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ച വേലായുധ പണിക്കരുടെ വീട് ഏറ്റെടുക്കണമെന്നും അദ്ദേഹത്തിന്റെ പേരില്‍ സാംസ്കാരിക കേന്ദ്രം വരണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന് വിഷയാവതരണം നടത്തി.