ചിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ.) ആഭിമുഖ്യത്തില്‍ വിശുദ്ധ പത്താംപീയൂസിന്റെ ഓര്‍മ്മദിനം ആഗസ്റ്റ് 21-ാം തീയതി ശനിയാഴ്ച ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് ആചരിച്ചു.
കത്തോലിക്കാസഭയില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച വിശുദ്ധ പത്താംപീയൂസ് മാര്‍പ്പാപ്പ “എല്ലാം ക്രിസ്തുവിലൂടെ’ എന്ന ആപ്തവാക്യം ജീവിതത്തിലുടനീളം പാലിച്ച വിശുദ്ധനാണെന്നും എന്നും പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുകയും അത് തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത പിതാവായിരുന്നു അദ്ദേഹം എന്നും അനുസ്മരണയോഗത്തില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അനുസ്മരിച്ചു.
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്‌നാനായ സമുദായത്തെ അംഗീകരിക്കുകയും അനുവദിച്ചുതരുകയും ചെയ്ത വിശുദ്ധ പത്താംപീയൂസിന്റെ കല്പനകള്‍ ദൈവനിവേശിതമാണെന്നും അതിനെ ചോദ്യം ചെയ്യുവാന്‍ ആര്‍ക്കും അനുവാദമില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ വൈസ് പ്രസിഡന്റ് ജോണ്‍ കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരില്‍, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍