ഹൂസ്റ്റൺ: ടെക്സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നും പത്തു ലക്ഷത്തോളം ജനസംഖ്യയുമുള്ള ഫോർട്ട് ബന്റ് കൗണ്ടിയുടെ ചരിത്രത്തിൽ ആദ്യമായി കൗണ്ടിയുടെ ആസ്ഥാനത്ത് ഓണമാഘോഷിച്ച് കൗണ്ടിയുടെ അമരക്കാരനും മലയാളിയും ടെക്സസിലെ കൗണ്ടി ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ അമേരിക്കകാരനുമായ കെ.പി. ജോർജ് ശ്രദ്ധേയനായി.
കള്ളവും ചതിയുമില്ലാത്ത എള്ളോളം പൊളിവചനവുമില്ലാത്ത ഒരു രാജ്യവും ‘മാവേലി തമ്പുരാനെയും’ ഓണം എന്ന ആഘോഷത്തിൽ കൂടി മലയാളികൾ സ്മരിക്കുമ്പോൾ തദ്ദേശിയരായ കൗണ്ടി ഒഫീഷ്യൽസിനു കേരളത്തെയും കേരളത്തിന്റെ സംസ്കാരത്തെയും പരിചയപ്പെടുത്തി കൊടുക്കുവാൻ ഈ ആഘോഷത്തിൽ കൂടെ സാധിച്ചുവെന്നും ജോർജ് പറഞ്ഞു.
ഓഗസ്റ്റ് 24 നു കമ്മീഷനർസ് കോർട്ട് ഓഫീസിൽ നടത്തിയ ആഘോഷ പരിപാടിയിൽ കൗണ്ടിയിലെ പ്രമുഖരോടൊപ്പം മലയാളി പ്രമുഖരും പങ്കെടുത്തു
ജഡ്ജ് കെ.പി.ജോർജ്, കോൺസൽ അശോക് കുമാർ, ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡണ്ട് പൊന്നു പിള്ള എന്നിവർ ചേർന്ന് നിൽവിളക്കു കൊളുത്തി.
പൊന്നുപിള്ളയുടെ നേതൃത്വത്തിൽ ഗുരുവായൂരപ്പൻ ക്ഷേത്രം ഭാരവാഹികൾ മനോഹരമായ ഒരു പൂക്കളവും ഒരുക്കി.
ജഡ്ജ് ജോർജും പൊന്നു പിള്ളയും ‘ഓണം’ എന്ന ആഘോഷത്തിന്റെ പ്രത്യേകതയും മഹത്തായ ആശയവും കേറളത്തിന്റെ സംസക്കാരവും സവിശേഷതകളും സദസ്സിനു വിവരിച്ചു നൽകി.
ഡിസ്ട്രിക്ട് അറ്റോർണി ബ്രയാൻ മിഡിൽട്ടൺ, കൗണ്ടി അറ്റോർണി ബ്രിജെറ്റ് സ്മിത്ത് ലോസൺ, ഡിസ്‌ട്രിക്‌ട് കൗണ്ടി ക്ലാർക്ക് ബെവർലി വാക്കർ, ടാക്സ് അസ്സെസർ കളക്ടർ കാർമെൻ ടർണർ, ഇന്ത്യൻ കോൺസൽ അശോക് കുമാർ, ജിമ്മി കുന്നശ്ശേരി, തോമസ് ചെറുകര എന്നിവരോടൊപ്പം കൗണ്ടി ഉദ്യോഗസ്ഥരും പങ്കെടുത്ത് ഓണാശംസകൾ നേർന്നു.
കൗണ്ടി ഉദ്യോഗസ്ഥരോടൊപ്പം മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധികരിച്ചു ബാബു തെക്കേക്കര ആഘോഷ പരിപാടികൾ ഏകോപിപ്പിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി