ഹെർമൻ ഗുണ്ടർട്ട് : അനീഷ് പ്ലാങ്കമണ്‍

ചിലരങ്ങനെയാണ്. ജനിച്ചവീണ മണ്ണിനേക്കാൾ അടുത്തറിയുന്നത് അവർ കുടിയേറിയ ദേശത്തെയും സംസ്കാരത്തെയുമാണ്. മലയാള നാടിനെകുറിച്ചും അതിന്റെ ഭാഷയെ കുറിച്ചുമൊക്കെ നമ്മുക്ക് ആദ്യ വിവരണങ്ങൾ നല്കിയത് ആതിഥേയരല്ലായിരുന്നു; മറിച്ച് അതിഥികൾ തന്നെ ആയിരുന്നു. പറഞ്ഞു വരുന്നത്‌ നമ്മുടെ ചരിത്രത്തെയും ഭാഷയുമൊക്കെ അടുത്തറിഞ്ഞു, അതിന് വളരെ ആധികാരികമായ കൃതികൾ സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടര്‍ട്ടിനെ കുറിച്ചാണ്. ലുഡ്‌വിഗ് ഗുണ്ടർട്ട് – ക്രിസ്റ്റിയാന എൻസിലിന്റെയും മകനായി 4|2|1814 ൽ ഹെർമൻ ഗുണ്ടർട്ട് ജർമനിയിൽ ജനിച്ചു. ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറി ആയിരുന്ന ലുഡ്‌വിഗ് ഗുണ്ടർട്ട്, 1823 ആരംഭിച്ച മിഷനറി മാസികയിലൂടെ അച്ചടി, പ്രസിദ്ധികരണം എന്നിവയെ കുറിച്ച് അടുത്തറിയുവാൻ ഹെർമൻ ഗുണ്ടർട്ടിന് കഴിഞ്ഞു. പ്രാഥമിക വിദ്യാഭാസത്തിന് ശേഷമായി ലോവർ സെമിനാരിയിൽ ചേർന്ന് ഗുണ്ടർട്ട് പഠനം തുടർന്നു. ഈ പഠനകാലത്ത് ഹീബ്രു,ലാറ്റിൻ, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ അദ്ദേഹം പ്രാവിണ്യം നേടി. 1835 ൽ പ്രശസ്തമായ തുംബിൻഗെൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയാണ് ആ വിദ്യാഭാസജീവിതം കൂടുതൽ പ്രകാശപൂരിതമാകുന്നത്. 1836 ഏപ്രിലിൽ ബ്രിസ്റ്റോളിൽ നിന്നും ഇന്ത്യയിലേക്ക് കപ്പൽ കയറിയ ഗുണ്ടർട്ട് 1836 ജൂലൈയിൽ മദ്രാസിൽ എത്തി. ഏകദേശം 3 മാസങ്ങൾ നീണ്ടുനിന്ന കപ്പൽ യാത്രയിൽ ബംഗാളി, ഹിന്ദുസ്ഥാനി, തെലുങ്ക് ഭാഷകളിൽ പ്രാഥമിക പരിജ്ഞാനം നേടി. മദ്രാസിലെത്തിയ ഗുണ്ടർട്ട് കുറെ നാളുകളിൽ അവിടെ സമയം ചിലവഴിച്ചു. പിന്നീട് തിരുനെൽവേലി, ചിറ്റൂർ എന്നി മേഖലകളിൽ സേവനമനുഷ്ഠിച്ച ഹെർമൻ ഇതിനോടകം തമിഴ് ഭാഷ സ്വായത്തമാക്കി. 1838 ൽ ഡുബോയിസിനെ വിവാഹം ചെയ്ത ഗുണ്ടർട്ട്, ബാസൽ മിഷൻ വഴി ഇതേവർഷം നവംബർ മാസത്തിൽ മംഗലാപുരത്ത് എത്തി. മംഗലാപുരത്തുനിന്നും കണ്ണൂർ, തലശ്ശേരിയിലെത്തിയ ഗുണ്ടർട്ട് -ഡബോയിസിന്‍ ദമ്പതിമാർ ഇല്ലിക്കുന്നിലേക്ക്, ബാസൽ മിഷന്റെ പ്രവത്തനത്തിനായി മാറി. 1839 ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച ഗുണ്ടർട്ട്, 1839 ആഗസ്റ്റില്‍ എത്തുമ്പോൾ മലയാള ഭാഷ നന്നായി പഠിച്ചിരുന്നു. ഇത്‌ വലിയൊരു ചരിത്ര നിയോഗമായിരുന്നു. ഇതിനെ തുടർന്ന്, തലശേരിയുടെ വിവിധ പ്രവിശ്യകളിൽ മലയാളം സ്കൂളുകൾ ആരംഭിച്ചു. പതിവായി സ്കൂളുകൾ സന്ദർശിച്ച ഗുണ്ടർട്ട്, സ്കൂളുകളിലേക്ക് അധ്യാപരെ കണ്ടെത്തുന്നതിൽ ഉത്സാഹിയായിരുന്നു. പ്രാദേശിക ജനതക്ക് വിദ്യാഭാസം നല്കുന്നതിനോടൊപ്പം, പ്രദേശത്തെ ജനങ്ങളുമായി അടുത്തിടപഴകുകയും കഴിയുന്നത്ര മലയാളം വാക്കുകൾ, വാക്യങ്ങൾ, പഴഞ്ചൊല്ലുകൾ എന്നിവ ശേഖരിച്ചു. ഇത്‌ മലയാള ഭാഷക്ക് ഗുണകരമായി. അദ്ദേഹം മലയാളഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്തു. കൂടാതെ, മലയാള ഭാഷയെ ചിട്ടയായി പഠിച്ച ഗുണ്ടർട്ട്, കേരളോൽപ്പത്തി (ചരിത്രം പഠനം,1843), പഴഞ്ചൊൽമാല (1845), രാജ്യസമാചാർ (പത്രം 1847), പാശ്ചിമോദയം (മാസിക 1847) മലയാള ഭാഷ വ്യാകരണം (1851), പത്തമല (പാഠപുസ്തകം 1860), കേരളപഴമ (1868), മലയാളം-ഇംഗിഷ് നിഘണ്ടു (1871), മലയാളരാജ്യം (1879), എന്നി സാഹത്യ സംഭാവനകൾ നൽകി നമ്മുടെ ഭാഷ സംസ്കാരത്തെ സമ്പന്നമാക്കി. ഗുണ്ടർട്ടിന്റെ നിഘണ്ടുവിനെ, ഭാഷാശാസ്ത്രജ്ഞന്മാർ ”സ്മാരകം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 1857 ൽ ജോലിക്കയറ്റം ലഭിച്ച ഗുണ്ടർട്ട്, കോഴിക്കോട് മുതൽ ഹൂബ്ലി വരെ അധ്യാപകരെ നിയമിച്ചു. ഒപ്പം, പുതിയതായി സ്ഥാപിതമായ മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി പാഠപുസ്തകങ്ങൾ എഴുതി. മലയാള ഭാഷയുടെ വളർച്ചക്കായി വാക്കും പ്രവർത്തിയും അദ്ദേഹം സമർപ്പിച്ചു. മലയാള ഭാഷക്ക് ചിഹ്നന്ഹങ്ങളായ പൂർണ്ണ വിരാമം (.), കോമ (,), സെമികോളോന്‍ (;), കോളൻ(:), ചോദ്യചിഹ്നം(?) എന്നിവ നൽകി നമ്മുടെ ഭാഷയെ സമ്പന്നമാക്കി. ഒരു വലിയ ദൗത്യ നിർവഹണത്തിന് ശേഷം 1859 ൽ ജർമനിയിലേക്ക് താൻ തിരിച്ചു. മലയാളത്തിലെ ആദ്യ പാഠപുസ്തകം, കേരള പഴമ, മലയാളം-ഇംഗ്ലീഷ് നിഘണ്ടു എന്നിവ ഈ കാലത്ത് അദ്ദേഹം രചിച്ചത്. ജര്‍മനിയിലെത്തിയ ഗുണ്ടർട്ട്, കാള്‍വ് പബ്ലിഷിംങ് ഹൗസിൽ ചേർന്നു. 1862 ൽ ഇതിന്റെ ഡയറക്റ്റർ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. ഇവിടെ നിന്നും ധാരാളം പ്രസിദ്ധികരണ പ്രവർത്തങ്ങളിൽ ഏർപെടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1885 ൽ തന്റെ ജീവിതപങ്കാളി ഓർമ്മയായി. തുടർന്ന്, ഏകനായി, എട്ട് വര്‍ഷങ്ങളുടെ കർമ്മപഥത്തിൽ ശോഭിച്ചു. ഒടുവിൽ 1893 ഏപ്രിൽ 25 ന് തന്റെ നിയോഗങ്ങളോട് ഗുണ്ടർട്ട് വിട പറഞ്ഞു. എന്നിരുന്നാലും, ഇന്നും ആ മഹാത്മാവ് ജീവിക്കുന്നു. തന്റെ സംഭാവനകളിലൂടെ.

Leave Comment