മഴക്കാലപൂർവ ശുചീകരണ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജൂൺ 5, 6 തീയതികളിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന ജനകീയ ശുചീകരണപരിപാടി വൻ വിജയമാക്കണമെന്ന് തദ്ദേശ സ്വയംഭരണ -എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭ്യർഥിച്ചു. ശുചീകരണക്യാമ്പയിൻ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാലപൂർവ ശുചീകരണവും സമാന്തരമായി ഏറ്റെടുക്കണം. പകർച്ചവ്യാധികളെ നിയന്ത്രിക്കുക, വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി മുൻകൂട്ടി ഇടപെടുക, മാലിന്യമുക്ത അന്തരീക്ഷം സൃഷ്ടിക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുൻകൈയിൽ രാഷ്ട്രീയ സംഘടനകൾ, യുവജന മഹിള വിദ്യാർത്ഥി ബഹുജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾ എന്നിവയെല്ലാം അണിനിരത്തി വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. അതിനായി ജില്ലാതലം മുതൽ വാർഡ് തലം വരെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിനുള്ള യോഗങ്ങൾ ചേരണം. മെയ് 31 ന് മുമ്പ് ഇത്തരം യോഗങ്ങൾ ചേരാനാകണം.
വാർഡ് അടിസ്ഥാനത്തിലാണ് ജൂൺ 5, 6 തീയതികളിൽ ശുചീകരണം നടത്തേണ്ടത്. ഓരോ വാർഡിലും അഞ്ചു പേർ വീതമുള്ള ചെറുഗ്രൂപ്പുകളായി ഓരോ വ്യത്യസ്ത പോയിന്റുകളിൽ ശുചീകരണ പ്രവൃത്തി ഏറ്റെടുക്കണം. ധാരാളംപേർ ഒരിടത്തു തന്നെ കേന്ദ്രീകരിക്കുന്ന സ്ഥിതിയുണ്ടാകരുത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ഓരോ വീട്ടുകാരും അവരുടെ വീടും പരിസരവും ശുചീകരിക്കണം. മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്ന മനോഭാവം ഉപേക്ഷിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാനുള്ള സംവിധാനം മുൻകൂട്ടി ഏർപ്പാടാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, കോർപ്പറേഷൻ മേയർമാർ, നഗരസഭാ ചെയർപേഴ്സൺമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.