ആരോഗ്യമേഖലയില്‍ കുതിച്ചുയര്‍ന്ന് നാനോടെക്നോളജി : -പ്രൊഫ. ഡോ. ശാന്തികുമാര്‍ വി.നായര്‍

Spread the love

1990-കളുടെ തുടക്കത്തിലാണ് നാനോടെക്നോളജി ആരോഗ്യമേഖലയിലേക്ക് എത്തുന്നത്. മൈക്രോമീറ്ററിനേക്കാള്‍ വളരെ കുറവായ അളവുകളില്‍ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യത്യസ്തമായതൊന്ന് സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യമേഖലയില്‍ നാനോടെക്നോളജി കുതിച്ചുയരാന്‍ സഹായിച്ചത്. ചില വസ്തുക്കള്‍ ചാലകമാകുന്നു, ചിലത് ഉരുക്ക് പോലെ ശക്തമാവുന്നു, അല്ലെങ്കില്‍ പ്രതിരോധശേഷിയുള്ളവ, അതുമല്ലെങ്കില്‍ റേഡിയേഷന്‍ ആഗിരണം ചെയ്യുന്നവ. ഇങ്ങനെ ഏതെങ്കിലുമൊന്ന് സംഭവിക്കുന്നുവെന്നാണ് കണ്ടെത്തിയത്.
ലോകമെമ്പാടും 400 പ്രമുഖ നാനോടെക് കമ്പനികളുണ്ട്. അതില്‍ പകുതിയും നാനോ മെഡിസിനുമായി ബന്ധപ്പെട്ടതാണ്. ഈ കമ്പനികളുടെ വിറ്റുവരവ് ഏകദേശം 100 ബില്ല്യണ്‍ ഡോളറാണ്. ആരോഗ്യസംരക്ഷണത്തില്‍ നാനോ ടെക്നോളജിയുടെ സാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. ആഗോളതലത്തില്‍ നാനോടെക് പ്രൊഫഷണലുകളെ വേണ്ടത് 20 ലക്ഷമാണ്. അതില്‍ അഞ്ച് ലക്ഷം പ്രൊഫഷണലുകളെ ഇന്ത്യയില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ മികച്ച 30, 40 നാനോടെക് കമ്പനികളുണ്ട്. അവയില്‍ പകുതിയും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയില്‍ മാത്രം നാനോടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 60 ആയി ഉയര്‍ന്നു. നാനോ ടെക്നോളജി ഇന്ത്യയില്‍ അതിവേഗം വളരുന്ന ശാസ്ത്രശാഖയായി മാറികഴിഞ്ഞു.
നാനോടെക്നോളജിലൂടെ വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ക്ക് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ തുളച്ചുകയറാനും പ്രവര്‍ത്തിക്കുവാനും കഴിയും. അതുകൊണ്ട് തന്നെ മരുന്നുകളുടെ ഫലം പെട്ടെന്ന് തന്നെ അറിയാന്‍ സാധിക്കും. രോഗബാധയുള്ള ചെറിയ കോശങ്ങള്‍ കണ്ടെത്തി അതിലേക്ക് മാത്രം നാനാ മെഡിസിനുകള്‍ ഇന്‍ജെക്ട് ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുവഴി പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാനും കഴിയും.
കാന്‍സര്‍ ചികിത്സയില്‍ കീമോ ചെയ്യുമ്പോള്‍ മരുന്നുകള്‍ ആരോഗ്യകരമായ കോശങ്ങളെ കൊല്ലുന്നു. മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളിലേക്ക് മാത്രം ഇന്‍ജെക്ട് ചെയ്യാന്‍ കഴിയുമെങ്കില്‍ മറ്റ് കോശങ്ങള്‍ നശിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് നാനോ മെഡിസിന്‍ വഴി സാധ്യമാകും. കൂടാതെ നാനോ മെഡിസിനുകള്‍ക്ക് തലച്ചോറിലേക്ക് പെട്ടെന്ന് ഇന്‍ജെക്ട് ചെയ്യാന്‍ കഴിയും. അല്‍ഷിമേഴ്സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിവ പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാനും കഴിയും. സെല്ലുകളിലെ ജനിതക വൈകല്യങ്ങള്‍ തിരഞ്ഞെടുത്ത് ചികിത്സിക്കാന്‍ കഴിയുന്ന CRISPR-CAS9 എന്ന സാങ്കേതികവിദ്യയുടെ വരവോടെയാണ് ഇതെല്ലാം സാധ്യമായത്. ഈ സാങ്കേതിക വിദ്യയ്ക്ക് നോബേല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.
ആരോഗ്യസംരക്ഷണത്തില്‍ നാനോ ടെക്നോളജിയില്‍ അതിവേഗം വളരുന്ന മറ്റൊരു മേഖലയാണ് പുതിയതും കൂടുതല്‍ സങ്കീര്‍ണ്ണവുമായ ഇംപ്ലാന്റുകളുടെ വികസനം. ഓര്‍ത്തോപീഡിക്സിലും ഡെന്റല്‍ വിഭാഗങ്ങളിലുമാണ് ഇംപ്ലാന്റുകളുടെ വികസനം കൂടുതലായി നടക്കുന്നത്. ഇവയെ കൂടാതെ ഹാര്‍ട്ട് വാല്‍വുകള്‍, കരള്‍, രക്തക്കുഴലുകള്‍ തുടങ്ങിയവയിലും കൂടുതല്‍ ഇംപ്ലാന്റുകള്‍ നടക്കുന്നുണ്ട്. നാനോവസ്തുക്കള്‍ ഉപയോഗിച്ച് ഒരു സമ്പൂര്‍ണ്ണ അവയവം നിര്‍മ്മിക്കുക എന്നതാണ് ഹോളി ഗ്രെയ്ല്‍. കാഴ്ചയില്ലാത്തവരെ സഹായിക്കുന്ന ബയോണിക് കണ്ണുകളുടെ പരീക്ഷണം പരിഗണനയിലാണ് .
നാനോടെക്നോളജി ഉപയോഗിച്ചുള്ള സൂക്ഷ്മമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനവും വേഗതയാര്‍ജിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്ത് നാനോടെക്നോളജിയുടെ സുവര്‍ണ കാലഘട്ടമാണ് വരാനിരിക്കുന്നത്. നിക്ഷേപകര്‍ക്കും വ്യക്തികള്‍ക്കും അനന്തമായ സാധ്യതകള്‍ ഈ രംഗത്ത് ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.
പ്രൊഫ. ഡോ. ശാന്തികുമാര്‍ വി.നായര്‍
ഡയറക്ടര്‍, അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്റ് മോളിക്യുലാര്‍ മെഡിസിന്‍, കൊച്ചി
ഡീന്‍ റിസര്‍ച്ച്, അമൃത വിശ്വവിദ്യാപീഠം.

Amrita Nano Center ACNSMM Official

Leave a Reply

Your email address will not be published. Required fields are marked *