ബ്രാന്‍ഡന്‍ റൗബെറി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സിഇഒ

Spread the love

കൊച്ചി: കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പനുമായി ചേര്‍ന്നുകൊണ്ട് ഗ്രൂപ്പിനായി ഡിജിറ്റല്‍ റോഡ്മാപ്പ് വികസിപ്പിക്കുകയും, നിലവില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന 7 രാജ്യങ്ങളിലും, പുതുതായി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേയ്മാന്‍ ദ്വീപുകളിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ബ്രാന്‍ഡന്‍ റൗബെറി നിര്‍ണായക പങ്ക് വഹിക്കും.

ആരോഗ്യപരിചരണം ഇന്ന് ഒരു കെട്ടിടത്തില്‍ ഒതുങ്ങാതെ പുറത്തേക്ക് വന്നിരിക്കുന്നു. ആരോഗ്യപരിചരണം ഇന്ന് നിങ്ങളുടെ കൈവെളളയിലാണ്. അതകൊണ്ട് തന്നെ ആസ്റ്റര്‍ നിങ്ങളുടെ കൈകള്‍ പിടിച്ച് ഞങ്ങളുടെ ലോകോത്തര ഡോക്ടര്‍മാരുടെ ശൃംഖലയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ഞങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കുകയാണ്. കൂടാതെ ആസ്റ്ററുമൊത്തുള്ള നിങ്ങളുടെ ആരോഗ്യ യാത്ര ലളിതവും വിശ്വസനീയവും അവിസ്മരണീയവുമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, വിപുലീകരിച്ച എക്‌സിക്യൂട്ടീവ് ടീമിനെ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ഈ ദൗത്യത്തെ നയിക്കാന്‍ ഈ രംഗത്തെ മികച്ച ഹെല്‍ത്ത് ടെക് നായകരില്‍ ഒരാളെ ഞങ്ങള്‍ കൊണ്ടുവരുന്നു. സാങ്കേതിക വിദ്യയെന്നത് ലക്ഷ്യങ്ങളെ പ്രാപ്തമാക്കാനുള്ള ഒരു ഘടകമാണ്. പുതിയ കാലത്തെ കണക്റ്റ്ഡ് കെയര്‍ എന്ന ആശയം സാധ്യമാക്കാന്‍ ആസ്റ്ററിന്റെ അത്യാധുനിക ക്ലിനിക്കല്‍ മികവിനെ ഇതിലേക്ക് ഞങ്ങള്‍ സംയോജിപ്പിക്കും. ബ്രാന്‍ഡന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി പരിവര്‍ത്തിപ്പിക്കുകയും, ലളിതമായ വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ മുതല്‍, വീടുകളിലെ ഇ-ഐസിയുകള്‍ വരെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി തടസ്സമില്ലാത്ത ആരോഗ്യ പരിപാലനമാണ് ലക്ഷ്യമിടുന്നതെന്നും അലീഷാ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യസംരക്ഷണമേഖല അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റി ആ മാറ്റത്തെ ആസ്റ്റര്‍ മുന്നില്‍ നിന്ന് നയിക്കുകയാണെന്നും പുതിയ ചുമതലയേറ്റെടുത്ത ബ്രാന്‍ഡന്‍ റൗബെറി പ്രതികരിച്ചു.

കോര്‍പറേറ്റ് ഇന്നൊവേഷന്‍ രംഗത്തെ പരിചയസമ്പന്നനായ ബ്രാന്‍ഡന്‍ റൗബറി, പ്രമുഖ ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ പ്രവര്‍ത്തിച്ച്, നവീകരണം, നയ രൂപീകരണം, വികസനം എന്നീ രംഗങ്ങളില്‍ രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്ത് നേടിയിട്ടുള്ള വ്യക്തിത്വമാണ്. ആസ്റ്ററില്‍ ചേരുന്നതിന് മുമ്പ്, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ (എഡിഐഎ) ഉപദേശകനും, നയതന്ത്ര ആസൂത്രകനുമായിരുന്നു അദ്ദേഹം. റോച്ചെസ്റ്റര്‍ മയോ ക്ലിനിക്കിന്റെ ഗ്ലോബല്‍ ബിസിനസ് സൊല്യൂഷന്‍സ് മുന്‍ വൈസ് ചെയര്‍മാന്‍, യുനൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പ് ഇന്നൊവേഷന്‍ ഡവലപ്പ്‌മെന്റ് മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബറിക്ക്, നയപരവും തന്ത്രപരവുമായ വൈദഗ്ധ്യങ്ങളെക്കുറിച്ച് കൃത്യവും വിപുലവുമായ അറിവുണ്ട്.

Reshmi Kartha

Leave a Reply

Your email address will not be published. Required fields are marked *