അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായമായി ഒന്നര കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന സാഹചര്യത്തിലാണ് കേരളവുമായി കൈകോർത്ത് അല മുന്നോട്ട് വന്നത്. അമേരിക്കയിലെ കെയർ ആന്റ് ഷെയർ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് അല മെയ് ഒമ്പതിനാണ് സഹായ നിധി ആരംഭിച്ചത്. ഇതിലൂടെ സമാഹരിച്ച തുകയുപയോഗിച്ചാണ് കേരളത്തിന് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി അയച്ചത്. മെയ് മുപ്പത്തിയൊന്നിനകം ഒരു ലക്ഷം ഡോളർ എന്ന ലക്ഷ്യവുമായി തുടങ്ങിയ സഹായ നിധിക്ക് വലിയ പിന്തുണയാണ് അമേരിക്കൻ മലയാളികളിൽ നിന്നും ‘ഗാമ’ ഉൾപ്പടെയുള്ള മലയാളി കൂട്ടായ്മകളിൽ നിന്നും ലഭിച്ചത്. അഞ്ചു ദിവസം കൊണ്ടാണ് ഒരു ലക്ഷം ഡോളർ സമാഹരിച്ചത്. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിധം ഫേസ്‌ബുക്ക്, ഗോഫണ്ട്മീ, കോർപറേറ്റ് മാച്ചിങ് എന്നിവവഴിയാണ് ധനസമാഹരണം നടത്തിയത്. മെയ് മുപ്പത്തിയൊന്നിന് സഹായനിധി ഒന്നരലക്ഷം ഡോളർ കവിഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന KMSCL, ആരോഗ്യ സുരക്ഷാ മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി ആശയവിനിമയം നടത്തിയാണ് അടിയന്തിര ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഗുണനിലവാരത്തിലടക്കം വേണ്ട രീതിയിലുള്ള സാങ്കേതിക നിർദേശങ്ങൾ പരിഗണിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. ഒന്നാം ഘട്ടമായി, പത്തു ലിറ്ററിന്റെ മുപ്പത്തിയഞ്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ, 3500 പൾസ് ഓക്സിമീറ്ററുകൾ, 1000 ഓക്സി ഫ്ലോ മീറ്ററുകൾ, 75,000 കെഎൻ 95 മാസ്കുകൾ, 5500 PPE കിറ്റുകൾ, 1000 നേസൽ കാനുള, 500 നോൺ ബ്രീതർ മാസ്കുകൾ, നൂറ് വെന്റിലേറ്റർ ട്യൂബിങ്ങ്, 500 ഇൻലൈൻ സക്ഷൻ കത്തീറ്ററുകൾ, 20 മൾട്ടി പരാമീറ്റർ മോണിറ്ററുകൾ, 20 ടേബിൾ ടോപ്പ് ഓക്സിമീറ്ററുകൾ എന്നിവയാണ് വിമാനമാർഗം കൊച്ചിയിൽ എത്തിച്ചത്. പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് കുറഞ്ഞ കാലയളവിൽ ഇത്രയധികം ഉപകരണങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും കണ്ടെത്തി കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് അല പ്രസിഡന്റ് ഷിജി അലക്‌സും സെക്രട്ടറി കിരൺ ചന്ദ്രനും അറിയിച്ചു. രണ്ടാം ഘട്ടമായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇവയും നാട്ടിലേക്ക് എത്തുമെന്നും അല ഭാരവാഹികൾ അറിയിച്ചു.