ആല്‍ബെര്‍ട്ടയിലെ മികച്ച ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് അങ്കമാലി സ്വദേശി. ബെന്‍ബി അരീക്കലിന്

Spread the love
എഡ്മണ്‍റ്റന്‍: ആല്‍ബെര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള 2020 ലെ   അവാര്‍ഡിന്  ബെന്‍ബി അരീക്കല്‍ അര്‍ഹനായി. ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ മികവ് പ്രകടിപ്പിക്കുകയും, കാനഡയിലെ വൈവിധ്യത്തെ മാനിച്ചുകൊണ്ട് നൈതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ്  നല്‍കുന്നത്. ആല്‍ബെര്‍ട്ടയിലെ ഫോര്‍ട്ട് മക്മറിയില്‍ ജോലി ചെയ്യുമ്പോള്‍ ഇവിടത്തെ ആദിമ ജനതയുടെ മാനസീക ആരോഗ്യ മേഖലയില്‍ നിര്‍ണായകമായ ഇടപെടല്‍ ബെന്‍ബി  നടത്തുകയുണ്ടായി.
ഫാമിലി ക്രിസിസ് സൊസൈറ്റിയുടെ കീഴില്‍ ഒഫന്‍ഡേഴ്‌സ് പ്രോഗ്രാമിന്റെ കോഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുമ്പോള്‍ ആ പരിപാടിയില്‍, ഒഫന്‍ഡേഴ്‌സ്  പ്രോഗ്രാമില്‍  പങ്കെടുക്കുന്നവരുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ഇടപെടല്‍ നടത്താന്‍ ബെന്നിന് കഴിഞ്ഞു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സെര്‍വീസസില്‍ കൗണ്‍സെല്ലര്‍ ആയി പ്രവര്‍ത്തിച്ച ബെന്‍ബി , പിന്നീട് കുറേക്കാലം മെന്റല്‍ ഹെല്‍ത്ത് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്തു.  അല്‍ഷിമേഴ്‌സ് സൊസൈറ്റിയുടെ ഫോര്‍ട്ട് മക് മറി  ചാപ്റ്ററിന്റെ ബോര്‍ഡ് മെമ്പര്‍ കൂടിയാണ് ബെന്‍ബി . ബ്രൂക്ക്‌സില്‍ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ രണ്ടു വര്ഷം സേവനം ചെയ്തപ്പോള്‍, സ്കൂള്‍ ബോര്‍ഡുകളുമായി സഹകരിച്ചു മാനസിക ആരോഗ്യ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്തി.
ബെന്‍ബിയുടെ  ശ്രമഫലമായി പുതുതായി രൂപം കൊടുത്ത റൂറല്‍ മെന്റല്‍ ഹെല്‍ത്ത് ഔട്ട്‌റീച്, മേഖലയിലെ മാനസിക ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറി.   ഇപ്പോള്‍ അദ്ദേഹം  മെഡിസിന്‍ ഹാറ്റില്‍ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വിസസില്‍ ക്ലിനിക്കല്‍  സൂപ്പര്‍വൈസര്‍ ആയി സേവനം അനുഷ്ഠിക്കുകയാണ്.
കുറച്ചുകാലം കേരളത്തില്‍  ഹൈകോടതിയില്‍ വക്കീലായി സേവനമനുഷ്ടിച്ചതിനുശേഷമാണ്, ബെന്‍ നാട്ടില്‍തന്നെഎംസ്ഡബ്ലയു  ചെയ്തത്. കുറച്ചുകാലം തമിഴ്‌നാട്ടിലെ ഭാരതീദാസന്‍ സര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക്ക്  പഠിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ആയി ജോലി ചെയ്യുന്നുണ്ട്. അങ്കമാലി മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയര്‍മാനും, വിമോചന സമരത്തിലെ പങ്കാളിയുമായിരുന്ന ഗര്‍വാസീസ് അരീക്കലിന്റെ മകനാണ് ബെന്‍ബി.  ആല്‍ബെര്‍ട്ടയില്‍ ആദ്യമായാണ് ഒരു മലയാളിക്ക് മികച്ച സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡ്  ലഭിക്കുന്നത്.

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി

Author

Leave a Reply

Your email address will not be published. Required fields are marked *