കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഊർജ ഓഡിറ്റ് പദ്ധതി മാതൃകാപരം – മന്ത്രി വി ശിവൻകുട്ടി

Spread the love
തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കി.എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെയായിരുന്നു ഓഡിറ്റ്.കാട്ടാക്കട നിയോജക മണ്ഡലത്തെ പരിസ്ഥിതിസൗഹൃദ മണ്ഡലം ആക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി.
                       
മികച്ച വിജയം കൈവരിച്ച ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി 2018ൽ തെരഞ്ഞെടുത്ത നാല് സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. ഈ സ്കൂളുകളിൽ സാധാരണ ലൈറ്റുകളും ഫാനുകളും മാറ്റി എൽഇഡി ലൈറ്റുകളും വൈദ്യുതി ഉപഭോഗം കുറവുള്ള ഫാനുകളും നൽകുകയുണ്ടായി.
ഇതിന്റെ തുടർച്ചയായി മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കി. കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലായി 53 സ്കൂളുകളുടെ റിപ്പോർട്ട്  ആണ് തയ്യാറായിരിക്കുന്നത് . ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളുടേയും ഊർജ്ജ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ആദ്യ മണ്ഡലം ആകുകയാണ് കാട്ടാക്കട.റിപ്പോർട്ട് പൊതുവിദ്യാഭ്യാസ – തൊഴിൽമന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പദ്ധതിയെ മാതൃകാപരം എന്ന് മന്ത്രി വിശേഷിപ്പിച്ചു.
ലോക പരിസ്ഥിതി ദിനമായ ഇന്ന് ഇതടക്കം രണ്ട് പ്രധാന പ്രവർത്തനങ്ങൾക്കാണ് മണ്ഡലത്തിൽ തുടക്കം കുറിക്കുന്നത്. സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററുമായി ചേർന്ന് മണ്ഡലത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഊർജ ഓഡിറ്റിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കൂടി മന്ത്രി നിർവഹിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടമായി ജനകീയ പങ്കാളിത്തത്തോടെ നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും ഊർജ്ജ ഓഡിറ്റ് നടത്താനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ എംഎൽഎ ഐ ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ്കുമാർ , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ നിസാമുദ്ദീൻ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഹരികുമാർ, സുരേഷ്, ഹരിലാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *