ചെന്നിത്തല ഫിഷ് ലാൻഡിംഗ് സെന്ററിന് പുതിയ കെട്ടിടം; മന്ത്രി സജി ചെറിയാൻ

Spread the love

ഫിഷ് ലാൻഡിംഗ് സെന്റർ നവീകരിക്കും.
രണ്ടുകോടി രൂപയുടെ എസ്റ്റിമേറ്റായി.

ആലപ്പുഴ: ചെന്നിത്തല ഫിഷ് ലാൻഡിംഗ് സെന്റർ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയും പുതിയ കെട്ടിടം നിർമിക്കുകയും ചെയ്യുമെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. ചെന്നിത്തല പ്രായിക്കര ഫിഷ് ലാൻഡിംഗ് സെന്ററിലെ നിലവിലുള്ള സംവിധാനങ്ങൾ മാറ്റി കെട്ടിടമുൾപ്പെടെ നിർമിച്ച് വിപുലീകരിക്കും. വിപുലീകരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി ഫിഷ് ലാൻഡിംഗ് സെന്റർ സന്ദർശിക്കുകയായിരുന്നു മന്ത്രി.
പുതിയ കെട്ടിടം നിർമിക്കുന്നതിനായി രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. എന്നാൽ നിലവിലുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പരിഗണിച്ച് കൂടുതൽ തുക കണ്ടെത്തി വിപുലീകരിക്കും. പുതിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ ഫിഷ് സെന്റർ, ഓഫീസ് സംവിധാനം, ക്ലോക്ക് റൂം, കോൾഡ് സ്‌റ്റോറേജ എന്നിവയ്ക്കുള്ള സൗകര്യമുണ്ടാകും. മുകളിലത്തെ നിലയിൽ വല നെയ്ത്തിനുള്ള സൗകര്യമൊരുക്കും. കെട്ടിടത്തിന്റെ ടെണ്ടർ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മണ്ണുപരിശോധന അടുത്തയാഴ്ച നടക്കും. ഫിഷ് ലാൻഡിംഗ് സെന്ററിന്റെ വിപുലീകരണത്തോടനുബന്ധിച്ച് കനാലിന്റെ ഇരുവശങ്ങളിലും നാലു കിലോമീറ്റർ ദൂരത്തിൽ തീരസംരക്ഷണത്തിനായി പദ്ധതി സമർപ്പിക്കാനും നിർദേശിച്ചു. നിലവിൽ കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമാണപ്രവർത്തികളുടെ ചുമതല.
കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപറേഷൻ അസിസ്റ്റന്റ് എൻജിനീയർ മേഘനാഥ് കൃഷ്ണൻ, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം ബിനി സുനിൽ, വി.ജെ. സെബാസ്റ്റിയൻ, ഇ. ഡൊമനിക്, കെ.എസ്. രാജു, സേവ്യർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *