പരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറയണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം. വിവാദമാകാനുള്ള സാധ്യത കണക്കിലെടുത്ത്അനൗദ്യോഗികമായാണ് നിര്‍ദ്ദേശം കൈമാറുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി കഴിഞ്ഞു.
എറണാകുളം , ബംഗളുരു എന്നിവിടങ്ങളിലെ ചില സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായിട്ടുണ്ട്. മഹാമാരിക്കാലത്ത് തങ്ങള്‍ക്കൊപ്പം നിന്ന പ്രധാനമന്ത്രിക്ക് നന്ദി എന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ച് ട്വീറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.
ഒരു സ്‌കൂളില്‍ നിന്നും കുറഞ്ഞത് അഞ്ച് വീഡിയോ ട്വിറ്ററില്‍ പോസ്‌ററ് ചെയ്യാനാണ് നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് ഇതിനകം തന്നെ ട്വിറ്ററില്‍ മോദിയെ  ടാഗ് ചെയ്ത നിരവധി വിദ്യാര്‍ത്ഥികള്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എല്ലാവരും യൂണിഫോമിലാണ് എന്നതും എല്ലാ വിഡിയോയും ഒരേ രീതിയാലണെന്നതുമാണ് പ്രത്യേകത.
ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പരമാവധി  ഈ കാര്യത്തിന് പ്രചാരം നല്‍കാനാണ് നിര്‍ദ്ദേശം.
Leave Comment