അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ഓര്‍മയായി : പി പി ചെറിയാന്‍

സാന്‍ഫ്രാന്‍സിക്കൊ : അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും  പ്രായം കൂടിയ ചിമ്പാന്‍സി ജൂണ്‍ 5 ശനിയാഴ്ച സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ഓര്‍മ്മയായി. കോമ്പി എന്ന ചിമ്പാന്‍സി 63 വയസ്സുവരെ മൃഗശാലയില്‍ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതര്‍ പറയുന്നു.

1960 ലാണ് കോമ്പി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്.
വനപ്രദേശത്ത് ജീവിക്കുന്ന ചിമ്പാന്‍സിയുടെ ശരാശരി ആയുസ് 33 വയസ്സാണ്. മനുഷ്യ സംരക്ഷണയില്‍ കഴിയുന്ന ചിമ്പാന്‍സികള്‍ 50-60 വര്‍ഷം വരെ ജീവിച്ചിരിക്കും.
കോമ്പി എന്ന ചിമ്പാന്‍സിക്ക്  പകരം വയ്ക്കാന്‍ മറ്റൊന്നില്ലാ എന്നാണ് മൃഗശാല എക്‌സികൂട്ടീവ് ഡയറക്ടര്‍ ടാനിയ പീറ്റേഴ്‌സണ്‍ പറയുന്നത്. മൃഗശാല ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ജീവിതത്തെ സാരമായി സ്വാധീനിച്ചതായിരുന്നു കോമ്പി എന്ന ചിമ്പന്‍സിയുടെ ജീവിതമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

1960 ല്‍ കോമ്പിയോടൊപ്പം മൃഗശാലയില്‍ എത്തിചേര്‍ന്ന മിനി, മാഗി എന്ന ചിംമ്പാന്‍സികള്‍ക്ക് കോമ്പിയുടെ വേര്‍പാട് വേദനാജനകമാണ്. ഇവര്‍ക്ക് ഇപ്പോള്‍ 53 വയസ്സായി. മറ്റൊരു ചിമ്പാന്‍സി 2013 ല്‍ ഇവരെ വിട്ടു പിരിഞ്ഞു പോയിരുന്നു .

Leave Comment