ഹേറോദേസ് രാജാവ് നിര്‍മ്മിച്ച പടുകൂറ്റന്‍ മന്ദിരത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തി

Picture

അഷ്കലോണ്‍: ബൈബിളിലെ പുതിയ നിയമത്തില്‍ വിവരിക്കുന്ന ഹേറോദേസ് രാജാവ് നിര്‍മ്മിച്ച പടുകൂറ്റന്‍ മന്ദിരത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേലിലെ അഷ്കലോണില്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. റോമന്‍ ഭരണകാലഘട്ടത്തില്‍ നിര്‍മ്മിച്ച സമാന മന്ദിരങ്ങള്‍ ഇംഗ്ലീഷില്‍ ബസിലിക്ക എന്നാണറിയപ്പെടുന്നത്. ഈ ഗണത്തിലെ ഏറ്റവും വലിയ മന്ദിരമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടായിരം വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്നു. ബിസി 37 മുതല്‍ 04 വരെയാണ് ഹേറോദേസ് രാജാവ് യൂദയാ ഭരിച്ചത്. ആ നാളുകളില്‍ അഷ്കലോണ്‍ കച്ചവടത്തിന്റെ ചുവടുപിടിച്ച് സമ്പന്നമായ ഒരു തുറമുഖമായിരുന്നു. ഹേറോദേസ് നിര്‍മ്മിച്ച മന്ദിരത്തിന്റെ മധ്യത്തില്‍ ഒരു വലിയ മുറി കണ്ടെത്തിയിട്ടുണ്ട്. ഏഷ്യാമൈനറില്‍ നിന്നും കൊണ്ടുവന്ന മാര്‍ബിള്‍ ഉപയോഗിച്ചാണ് തറയും, ഭിത്തികളും നിര്‍മ്മിച്ചതെന്ന നിരീക്ഷണത്തില്‍ ഗവേഷകര്‍ എത്തിയിട്ടുണ്ട്.

റോമന്‍ സാമ്രാജ്യത്തിന്റെ ചിഹ്നമായ കഴുകന്‍ ഉള്‍പ്പെടെയുള്ളവ ഗവേഷകര്‍ കണ്ടെത്തിയ മന്ദിരത്തിന്റെ തൂണുകളില്‍ ആലേഖനം ചെയ്ട്ടുണ്ടെന്നത് കണ്ടെത്തലിന്റെ ആധികാരികത സ്ഥിരീകരിക്കുകയാണ്. 1920കളില്‍ ബ്രിട്ടീഷ് ഗവേഷകര്‍ ഇവിടെനിന്ന് നിരവധി ഗ്രീക്ക്, ഈജിപ്ഷ്യന്‍ ആരാധനാമൂര്‍ത്തികളുടെ പ്രതിമകള്‍ കണ്ടെത്തിയിരുന്നു. എഡി 363ല്‍ ഉണ്ടായ ഭൂമികുലുക്കത്തിലാണ് മന്ദിരം തകര്‍ന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഓട്ടോമന്‍ തുര്‍ക്കികളുടെ സമയത്ത് മന്ദിരത്തിന്റെ മാര്‍ബിള്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഹേറോദേസിന്റെ മന്ദിരം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍.

ജോയിച്ചൻപുതുക്കുളം

Leave Comment