പി. ഡബ്ല്യു. ഡി. ഫോര്‍ യു ആപ്പ് പുറത്തിറക്കി

Spread the love

post

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി അറിയിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പി. ഡബ്ല്യു. ഡി. ഫോര്‍ യു (PWD 4U) പുറത്തിറക്കി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഐ ഒ എസ് വേര്‍ഷന്‍ പിന്നീട് ലഭ്യമാകും.

ആദ്യ മൂന്ന് മാസം പരീക്ഷണഅടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും ഫോട്ടോ സഹിതം ആപ്പില്‍ അപ്ലോഡ് ചെയ്യാനാകും. പരാതിയുടെ തുടര്‍നടപടികള്‍ സമയങ്ങളില്‍ അറിയുന്നതിനും ആപ്പ് വഴി സാധിക്കും.

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികള്‍ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുക. പൊതുമരാമത്ത് വകുപ്പിലെ റോഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റര്‍ റോഡുകളുടെ വിവരം ഈ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 4000 കിലോമീറ്ററിലെ വിവരം അപ്ലോഡ് ചെയ്താല്‍ ഉടന്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്. ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അപ്ലോഡ് ചെയ്താല്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. വിവിധ പദ്ധതിപ്രദേശങ്ങള്‍ നേരിട്ട് കാണാന്‍ ശ്രമിക്കുന്നത് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിന് വേണ്ടിയാണ്. ആഴ്ചയില്‍ ഒരു ദിവസം ഫോണ്‍ഇന്‍പ്രോഗ്രാമിലൂടെ അഭിപ്രായം കേള്‍ക്കുകയും പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്നുണ്ട്. വകുപ്പിനെ കൂടുതല്‍ സുതാര്യമാക്കാന്‍ ആപ്പ് സഹായിക്കും.

ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഈ ആപ്പ് ലക്ഷ്യത്തിലെത്തിക്കാന്‍ പ്രധാനമാണ്. പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കാന്‍ കഴിഞ്ഞസര്‍ക്കാര്‍ തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *