ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി ; ധര്‍മ്മരാജന്റെ ഹര്‍ജി തള്ളി

Spread the love
കൊടകര കുഴല്‍പ്പണക്കേസില്‍ നിന്നും തലയൂരാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി. നഷ്ടപ്പെട്ട പണത്തില്‍ ഒരു കോടി രൂപ ഡല്‍ഹിയില്‍ ബിസിനസ്സ് തുടങ്ങാനുള്ളതായിരുന്നെന്നും ഇത് തിരികെ വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പരാതിക്കാരന്‍ ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി തള്ളി. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്.
കേസില്‍ ആദ്യം വാഹനത്തില്‍ 25 ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നതെന്നും ഇത് നഷ്ടപ്പെട്ടെന്നുമായിരുന്നു ധര്‍മ്മരാജന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഈ നിലപാടില്‍ ഉറച്ച നില്‍ക്കുകയായിരുന്ന ധര്‍മ്മരാജന്‍ പിന്നീട് പോലീസ് ഒരു കോടിയോളം രൂപ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നരക്കോടി രൂപ വാഹനത്തിലുണ്ടെന്ന് സമ്മതിച്ചത്.
അന്വേഷണം ഉന്നത ബിജെപി നേതാക്കളിലേയ്ക്ക് പോകുന്നതിന് തടയിടാന്‍ ബിജെപിയാണ് വീണ്ടും ധര്‍മ്മരാജനെ രംഗത്തിറക്കി കോടതിയെ സമീപിച്ചതെന്ന് പോലീസിന് സംശയമുണ്ട്. ഈ നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയായിരുക്കുന്നത്. കോടതിയുടെ തീരുമാനം പോലീസിനും ആശ്വാസമായിരിക്കുകയാണ്.
ഇനി ഈ വിഷയത്തിലെ ഹവാല ഇടപാടുകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതിക്ക് മുമ്പില്‍ വെയ്ക്കാനാണ് പോലീസിന്റെ നീക്കം. എല്ലാ പഴുതുകളും അടച്ച് എന്‍ഫോഴ്‌സ്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
 ജോബിന്‍സ് തോമസ്

Author

Leave a Reply

Your email address will not be published. Required fields are marked *