സാക്ഷരതാ പദ്ധതികൾ സംബന്ധിച്ച ശ്രീമതി കാനത്തിൽ ജമീല, ശ്രീ മുരളി പെരുനെല്ലി, ശ്രീ പി വി ശ്രീനിജൻ, ശ്രീ എ രാജ എന്നിവരുടെ ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നൽകിയ മറുപടി

Spread the love
2011 ലെ സെൻസസ് പ്രകാരം 93.91 ശതമാനമാണ് കേരളത്തിന്റെ സാക്ഷരതാ നിരക്ക്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം സാക്ഷരതാ നിരക്ക് 93.91 ശതമാനത്തിൽ നിന്നും 96.2 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരർ ഉണ്ട്. ഇതിൽ കൂടുതലും ആദിവാസി, തീരദേശ മേഖലകളിൽ ഉള്ളവരാണ്. കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി കേരളത്തിലെ സാക്ഷരതാ നിരക്ക് വർദ്ധിപ്പിക്കുന്നതിനായി പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി – പട്ടികവർഗ്ഗം, തീരദേശം, ഭാഷാന്യൂനപക്ഷ മേഖലകളിൽ പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് താഴെപറയും പ്രകാരം പ്രത്യേക സാക്ഷരതാ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.
*അക്ഷരലക്ഷം സാക്ഷരതാ പദ്ധതി*
കേരളത്തിൽ അവശേഷിക്കുന്ന  നിരക്ഷരരെ സാക്ഷരരാക്കുന്നതിനായി നടപ്പിലാക്കിയ അക്ഷരലോകം സാക്ഷരതാ പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂർത്തീകരിച്ചു. 2018 ജനുവരി മാസം നടത്തിയ സാക്ഷരതാ സർവേയിൽ കണ്ടെത്തിയ അമ്പത്തിയൊന്നായിരത്തി അറുന്നൂറ്റി ഇരുപത്തിയെട്ട് (51628) പേരിൽ നാൽപത്തിനാലായിരത്തി അറുന്നൂറ്റി അറുപത്തിയേഴ് (44667) പേരെ സാക്ഷരതാ ക്ലാസിൽ എത്തിക്കുകയും അവരിൽ നാൽപത്തിരണ്ടായിരത്തി തൊള്ളായിരത്തി മുന്നൂറ്റി മൂന്ന് (42933) പേരെ സാക്ഷരരാക്കുകയും ചെയ്തിട്ടുണ്ട്.
*സമഗ്ര  – പട്ടികവർഗ്ഗ സാക്ഷരതാ പരിപാടി*
കേരളത്തിലെ നിരക്ഷരത കൂടുതലുള്ള ആദിവാസി മേഖലയിലെ പട്ടികവർഗ്ഗക്കാർക്കായി ആവിഷ്‌കരിച്ച പട്ടികവർഗ്ഗവികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കി വരുന്ന സാക്ഷരതാ തുടർവിദ്യാഭ്യാസ പരിപാടിയാണ് സമഗ്ര പദ്ധതി. 100 പട്ടികവർഗ്ഗ കോളനികളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ കോളനികളിൽ 2296 നിരക്ഷരർ ഉള്ളതായി കണ്ടെത്തുകയും ഇവരിൽ 2179 പേരെ ക്ലാസുകളിൽ പങ്കെടുപ്പിച്ച് പരീക്ഷ എഴുതിപ്പിക്കുകയും  ഇതിൽ 1996 പേർ വിജയിച്ച് സാക്ഷരരാവുകയും ചെയ്തു. അർഹമായ വിദ്യാഭ്യാസയോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവരെയാണ് ക്ലാസ് എടുക്കുന്നതിനുള്ള സമഗ്ര പ്രേരക്മാരായി നിയോഗിച്ചിരിക്കുന്നത്. കോട്ടയം ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിലാണ് ഈ  പദ്ധതി നടപ്പിലാക്കി വരുന്നത്.2019-20 വർഷത്തിൽ സമഗ്ര പദ്ധതിയുടെ പ്രവർത്തനം തൊട്ടടുത്ത ഊരുകളിൽക്കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം പദ്ധതി അടുത്ത 100 ഊരുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയും 1037 പുതിയ പഠിതാക്കൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സാക്ഷരത കൈവരിച്ച 1598 പേർ നാലാം തരം തുല്യതയിലും 405 പേർ ഏഴാംതരം തുല്യതയിലും രജിസ്റ്റർ ചെയ്തു. ഈ പദ്ധതിയുടെ തുടർപ്രവർത്തനം എന്ന നിലയിൽ സമഗ്ര പദ്ധതി നടന്നുവരുന്ന ഊരിന് സമീപമുള്ള 10 ഊരുകളിലേക്കു കൂടി വ്യാപിപ്പിക്കാനും ഓരോ ഊരുകളിലും ഒരു പത്താംതരം ഹയർസെക്കൻഡറി കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
*നവചേതന – പട്ടികജാതി സാക്ഷരതാ പരിപാടി*
കേരളത്തിലെ  പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നവചേതന. ഈ പദ്ധതി 100 പട്ടികജാതി കോളനികളിലാണ് ആരംഭിച്ചത്. പ്രസ്തുത കോളനികളിൽ നിന്നായി 2266 നിരക്ഷരരെ കണ്ടെത്തുകയും ഇതിൽ 2021 പേരെ ക്ലാസുകളിൽ പങ്കെടുപ്പിച്ച് പരീക്ഷ എഴുതിപ്പിക്കുകയും അതിൽ 1756 പേരെ സാക്ഷരരാക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 100 പേരെ ഇൻസ്ട്രക്ടർമാരായി തിരഞ്ഞെടുത്തു. രണ്ടാം ഘട്ടത്തിൽ സാക്ഷരതയ്ക്ക് 2358 പേർ രജിസ്റ്റർ ചെയ്തു. ആദ്യഘട്ടത്തിൽ സാക്ഷരത നേടിയ 1474 പഠിതാക്കൾ നാലാംതരം തുല്യതയിൽ രജിസ്റ്റർ ചെയ്തു.
*വയനാട് പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതി*
വയനാട്  ജില്ലയിലെ ആദിവാസികൾക്കായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വയനാട് ആദിവാസി സാക്ഷരതാ പദ്ധതി ഈ പദ്ധതിയുടെ ആദ്യഘട്ടം 282 ഊരുകളിൽ ആരംഭിക്കുകയുണ്ടായി. പ്രസ്തുത ഊരുകളിൽ നിന്നായി 9751 നിരക്ഷരരെ കണ്ടെത്തിയതിൽ നിന്നും 4516 പേരെ സാക്ഷരതാ പരീക്ഷ എഴുതിപ്പിക്കുകയും 4309 പേരെ സാക്ഷരരാക്കിക്കൊണ്ട് തുടർവിദ്യാഭ്യാസത്തിന് അർഹരാക്കാനും കഴിഞ്ഞിട്ടുണ്ട്. വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 600 പേരെയാണ് ഘട്ടങ്ങളിലായി പദ്ധതിയുടെ ഇൻസ്ട്രക്ടർമാരായി തെരഞ്ഞെടുത്തത്. ഒന്നാംഘട്ടത്തിലും സാക്ഷരരായവർ നാലാംതരം തുല്യതാ കോഴ്‌സിന് രജിസ്റ്റർ ചെയ്ത് പഠനം നടത്തിവരുന്നു. ഈ പദ്ധതിയുടെ രണ്ടാംഘട്ടം 200 ഊരുകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. 3231 പേർ സാക്ഷരതാ ക്ലാസിൽ പങ്കെടുത്തു വരുന്നു. പദ്ധതിയിൽ അതത് കോളനിയിലെ പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 200 ആദിവാസി ഇൻസ്ട്രക്ടർമാർ പ്രവർത്തിച്ചു. ഈ പദ്ധതിയുടെ തുടർപ്രവർത്തനം എന്ന നിലയിൽ ഇപ്പോൾ വയനാട് ജില്ലയിൽ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതി ആരംഭിച്ച് മുഴുവൻ ആദിവാസി ഊരുകളെയും സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്ന ഊരുകളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
*അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതി*
പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയിൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതി. വിവിധ ഊരുകളിലായി ആകെ 3670 പേരെ സാക്ഷരരാക്കാൻ കഴിഞ്ഞിട്ടുണ്ട്. സാക്ഷരതാ പരീക്ഷയിലൂടെ വിജയിച്ച 3000 പേർ നാലാംതരം തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്ത് പഠനം നടത്തി വരുന്നു. ഈ പദ്ധതിയിലൂടെ ക്ലാസ് നൽകുന്നതിനായി ആദിവാസി വിഭാഗത്തിൽ നിന്നും അർഹമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് ഇൻസ്ട്രക്ടർമാരായി തെരഞ്ഞെടുത്തിട്ടുള്ളത്. മൂന്നാംഘട്ടം സാക്ഷരതയ്ക്ക് 156 ഊരുകളിലായി 1347 പേർ പഠനം നടത്തുന്നു. നാലാംതരം തുല്യതയ്ക്ക് 1763 പേർ പഠിച്ചുവരുന്നു. മൂന്നാംഘട്ടത്തിന്റെ തുടർച്ചയായി അട്ടപ്പാടി ബ്ലോക്കിലെ അവശേഷിക്കുന്ന മുഴുവൻ നിരക്ഷരരെയും സാക്ഷരരാക്കുന്നതിനുവേണ്ടി സമ്പൂർണ്ണ സാക്ഷരതാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
*2000 കോളനികളിൽ ആരംഭിച്ച പ്രത്യേക സാക്ഷരതാ പരിപാടി*
പട്ടികജാതി – പട്ടികവർഗ്ഗ-തീരദേശ മേഖലകളിൽ നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുന്നതിനായി തുടർവിദ്യാകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത കോളനികളിലാണ് പ്രത്യേക സാക്ഷരതാ പരിപാടി ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 1000 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്. ഈ വിഭാഗത്തിൽ നിന്നുള്ള 50000 പേരെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം തൃശൂർ ജില്ലയിലെ പുതുക്കാട് നിയോജകമണ്ഡലത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. നാൽപത്തിയാറായിരത്തി എണ്ണൂറ്റി പതിനഞ്ച് (46815) പേർ ഈ പദ്ധതിയിൽ ഒന്നാംഘട്ടത്തിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തുകയും മുപ്പതിനായിരത്തി എഴുന്നൂറ്റി അമ്പത്തിയഞ്ച് (30755) പേരെ സാക്ഷരരാക്കാനും സാധിച്ചിട്ടുണ്ട്.
*അക്ഷരശ്രീ സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതി*
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അക്ഷരശ്രീ സാക്ഷരതാ തുടർവിദ്യാഭ്യാസ പരിപാടി. തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകളിലെ നിരക്ഷരരെയും പത്താംതരം വരെ വിദ്യാഭ്യാസ യോഗ്യത നേടാത്തവരെയും കണ്ടെത്തുന്നതിനായി 2018 ജൂലൈ 14-ാം തീയതി ജനകീയ സർവേയിൽ കണ്ടെത്തിയ പതിനൊന്നായിരത്തി എഴുന്നൂറ്റി അറുപത്തിനാല് (11764) നിരക്ഷരരിൽ ഓരോ വാർഡുകളിൽ നിന്നും 25 പേരെ വീതം തെരഞ്ഞെടുത്ത് സാക്ഷരതാ ക്ലാസുകൾ നൽകുകയുണ്ടായി. ആദ്യഘട്ടത്തിൽ നടന്ന സാക്ഷരതാ മികവുത്സവ പരീക്ഷയിലൂടെ 2732 പേർ സാക്ഷരരായി. ഈ പദ്ധതിയിലൂടെ കണ്ടെത്തിയ നിരക്ഷരരെയും നാലാംതരം, ഏഴാംതരം, പത്താംതരം , ഹയർ സെക്കന്ററി തുല്യത വിജയിക്കാത്തവരെയും പദ്ധതിയിൽ ആവിഷ്‌കരിച്ച പ്രകാരമുള്ള പഠിതാക്കളെ തുടർവിദ്യാഭ്യാസത്തിന് അർഹരാക്കാൻ കഴിഞ്ഞിട്ടുണ്ട്.
*അക്ഷരസാഗരം – തീരദേശ സാക്ഷരതാ പദ്ധതി*
സാക്ഷരതാ മിഷനും ഫിഷറീസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് തീരദേശ മേഖലയിൽ നടത്തി വരുന്ന സാക്ഷരതാ പദ്ധതിയാണ് അക്ഷരസാഗരം. ഈ പദ്ധതിയുടെ ഒന്നാംഘട്ടം തിരുവനന്തപുരം മലപ്പുറം, കാസറഗോഡ് എന്നീ ജില്ലകളിലെ തീരദേശ വാർഡുകളിലാണ് ആരംഭിച്ചത്. രണ്ടാംഘട്ടം കോഴിക്കോട്, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലെ തീരദേശ മേഖലകളിലും മൂന്നാംഘട്ടം ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിലെ തീരദേശമേഖലകളിലുമാണ് നടപ്പാക്കിയത്.
*ചങ്ങാതി പദ്ധതി – ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള സാക്ഷരതാ പദ്ധതി*
കേരളത്തിലെത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ മലയാളത്തിലും ഹിന്ദിയിലും സാക്ഷരരാക്കുന്നതിനായി സാക്ഷരതാ മിഷൻ അതോറിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ചങ്ങാതി. ഈ പദ്ധതിയുടെ മാതൃകാ പദ്ധതി എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി 2017 ജനുവരി 26 മുതൽ  29 വരെ നടത്തിയ സർവേയിലൂടെ കണ്ടെത്തിയവരിൽ നിന്നും 469 ഇതര സംസ്ഥാനത്തൊഴിലാളികളെ സാക്ഷരരാക്കാൻ സാക്ഷരതാ മിഷന് കഴിഞ്ഞിട്ടുണ്ട്. ഇവർക്കായി ‘ഹമാരി മലയാളം’ എന്ന പേരിൽ പ്രത്യേക സാക്ഷരതാ പാഠപുസ്തകം തയാറാക്കിയാണ് പഠിപ്പിച്ചത്. അതോടൊപ്പം ഈ പദ്ധതിയുടെ ഭാഗമായി സാക്ഷരതാമിഷനോടൊപ്പം ചേർന്ന് പ്രവർത്തിച്ച പെരുമ്പാവൂരിലെ എം.ഇ.എസ്. കോളേജിന്റെ സഹായത്തോടെ ഡിജിറ്റൽ പാഠപുസ്തകം തയാറാക്കി നൽകാൻ കഴിഞ്ഞിട്ടുണ്ട്. മാതൃകാപദ്ധതിയുടെ പൂർത്തീകരണത്തിനുശേഷം എല്ലാ ജില്ലകളിലും തെരഞ്ഞെടുത്ത ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വീതം ചങ്ങാതി പദ്ധതി നടപ്പിലാക്കി.
*ആദിശ്രീ പദ്ധതി*
കണ്ണൂർ ജില്ലയിലെ കുടുംബശ്രീയുമായി ചേർന്ന് ആറളം ഫാമിൽ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയാണ് ആദിശ്രീ.ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സാക്ഷരതാ മിഷന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ നിരക്ഷരരെ സാക്ഷരരാക്കുന്നതിനായി ആറളം ഫാമിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ നിന്നും വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി ഇൻസ്ട്രക്ടർമാരായി നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് പ്രത്യേക പരിശീലനം നൽകി. 2020 ജനുവരി 26 ന് ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ നിർത്തി വയ്‌ക്കേണ്ടി വന്നു.
*ജയിൽജ്യോതി പദ്ധതി*
കേരളത്തിലെ  ജയിലുകളിൽ കഴിയുന്ന നിരക്ഷരരായ അന്തേവാസികളെ സാക്ഷരരാക്കുന്നതിനും അതിലൂടെ അവരെ തുടർവിദ്യാഭ്യാസത്തിലേക്ക് എത്തിക്കുന്നതിനുമായി ജയിൽ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജയിൽ ജ്യോതി. ഈ പദ്ധതിയിലേക്ക് 298 പേരെ സാക്ഷരരാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് ഇവരെ നാലാംതരം തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്യിപ്പിച്ച് ക്ലാസുകൾ നൽകി വരുന്നു.
*പരിസ്ഥിതി സാക്ഷരതാ പദ്ധതി*
പൊതുസമൂഹത്തിനിടയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതാ പദ്ധതി.പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥിതി സാക്ഷരതാ സർവേ, ജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനം, പരിസ്ഥിതി സാക്ഷരതാ ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ നടന്നു.
*ഭരണഘടന സാക്ഷരതാ പദ്ധതി*
അൻപതിനായിരത്തോളം പേർ പങ്കാളികളായ പദ്ധതി പഠിതാക്കൾ കൂടി ഉൾപ്പെടുന്ന വിധമാണ് നടപ്പിലാക്കി വരുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *