സെക്രട്ടേറിയറ്റ് അങ്കണത്തില്‍ ഇക്കൊല്ലവും ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും, തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

post

തിരുവനന്തപുരം : ഈ വര്‍ഷവും സെക്രട്ടേറിയറ്റ് അങ്കണത്തില്‍ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ പച്ചക്കറി തൈ നട്ട് നിര്‍വഹിച്ചു.  തക്കാളിത്തെയാണ് മുഖ്യമന്ത്രി നട്ടത്.

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള വലിയൊരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണം സീസണ്‍ മുന്നില്‍കണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി.

  പദ്ധതി പ്രകാരം കര്‍ഷകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, വനിത ഗ്രൂപ്പുകള്‍ക്കും, സന്നദ്ധസംഘടനകള്‍ക്കും കൃഷിഭവന്‍ മുഖേന സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുകയാണ് പദ്ധതി ലക്ഷ്യം.

സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ പദ്ധതിയുടെ ഭാഗമായി 800 ഓളം ചട്ടികളിലാണ് തൈ നടുക. തക്കാളി, രണ്ടിനം മുളക്, വഴുതന, കത്തിരിക്ക, പയര്‍, വെണ്ട, ചീര തുടങ്ങി എട്ടിനം പച്ചക്കറികള്‍ ഇവിടെ കൃഷിചെയ്യും.

അഞ്ച് വര്‍ഷവും വളരെ ജനകീയമായി നടപ്പാക്കപ്പെട്ട പദ്ധതിയായിരുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി. കഴിഞ്ഞ ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാര്‍ഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കാനായി. ഇത് വര്‍ധിപ്പിച്ച് എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കാനാണ് ശ്രമം. കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ, കേരള കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖേനയാണ് വിത്തുകളും തൈകളും വിതരണത്തിന് തയ്യാറായിട്ടുള്ളത്.

പച്ചക്കറി തൈ നടീല്‍ ചടങ്ങില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാ റോയി, കൃഷിവകുപ്പ് സെക്രട്ടറി ഡോ: രത്തന്‍ യു. ഖേല്‍ക്കര്‍, കൃഷി ഡയറക്ടര്‍ ഡോ: കെ. വാസുകി, പൊതുഭരണ (ഹൗസ് കീപ്പിംഗ്) അഡീ. സെക്രട്ടറി പി. ഹണി തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *