പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ വന മേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ അവശ്യസാധനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റും എംഎല്‍എ വിതരണം ചെയ്തു. കോവിഡ് മൂലം മാസങ്ങളായി നീണ്ടു നില്ക്കുന്ന ലോക്ഡൗണ്‍, ശക്തമായ കാലവര്‍ഷം എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസമേകി സായിപ്പിന് കുഴി, വേലുത്തോട്, കൊച്ചാണ്ടി, മൂഴിയാര്‍ 40 എന്നീ കോളനി പ്രദേശങ്ങളിലാണ് ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എംഎല്‍എ സന്ദര്‍ശനം നടത്തിയത്.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഗോതമ്പ് നുറുക്ക്, പഞ്ചസാര, തേയിലപ്പൊടി, വെളിച്ചെണ്ണ, സവോള, ഉരുള കിഴങ്ങ്, ചെറിയ ഉള്ളി, വെളുത്തുള്ളി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കടുക്, കടല, ചെറുപയര്‍, വന്‍പയര്‍, ഉപ്പ്, ബാത്ത് സോപ്പ്, ബാര്‍ സോപ്പ് എന്നിങ്ങനെ പതിനെട്ടിനം സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റാണ് എംഎല്‍എ വിതരണം ചെയ്തത്. സിവില്‍ സപ്ലൈസില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്ക് പുറമെയാണ് സ്പെഷ്യല്‍ കിറ്റും നല്‍കിയത്.
കോളനികളിലെ 18 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുമെന്നും എംഎല്‍എ ഉറപ്പു നല്കി. കോളനികളില്‍ താമസക്കാരായവരില്‍ ആര്‍ക്കും നിലവില്‍ രോഗം ഇല്ലെന്ന് എംഎല്‍എയെ ട്രൈബല്‍ പ്രമോട്ടര്‍ അറിയിച്ചു. വാക്സിനേഷന് പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ എംഎല്‍എ പഞ്ചായത്ത് പ്രസിഡന്റിന് നിര്‍ദേശം നല്കി.
സ്പെഷ്യല്‍ ഭക്ഷ്യധാന്യ കിറ്റ് മണ്ഡലത്തിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും എത്തിച്ചു നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തന്നെ എല്ലാ കുടുംബങ്ങള്‍ക്കും കിറ്റ് എത്തിച്ചു നല്‍കും. പട്ടികവര്‍ഗ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ കോളനികളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയോടൊപ്പം സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ആര്. പ്രമോദ്, ശ്രീലജ അനില്‍, ഗ്രാമ പഞ്ചായത്തംഗം രാധാ ശശി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.