
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അടക്കമുള്ള പഠനസഹായികൾ ലഭ്യമാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മേട്ടുക്കട എൽപിഎസ്, ഗവൺമെന്റ് എച്ച്എസ്എസ് കമലേശ്വരം എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി മൊബൈൽഫോൺ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ എല്ലാ ഇടങ്ങളിലും ഉള്ള വിദ്യാർഥികൾക്ക് ഡിജിറ്റൽ -ഓൺലൈൻ പഠനത്തിനായി ആവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങളും നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത ഇടങ്ങളിൽ ഇന്റർനെറ്റും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. പട്ടികവർഗ കോളനികളിലാണ് ആദ്യഘട്ടത്തിൽ യുദ്ധകാലടിസ്ഥാനത്തിൽ ഈ പ്രവർത്തനം നടക്കുന്നത്. ഡിഡിഇ-യും എഇഒ-മാരും ഈ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണം. പട്ടികവർഗ കോളനികളിലെ സ്ഥിതി വിവര റിപ്പോർട്ട് ഡിഡിഇ -മാർ ജൂൺ 20നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.