ജനങ്ങളെ കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് : കെ സുധാകരന്‍ എംപി


on June 14th, 2021

തളിപ്പറമ്പിൽ റീ പോളിങ് വേണം: കെ.സുധാകരൻ | K Sudhakaran | Manorama News

രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് വന്‍ നികുതി വിഹിതം പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്.ജനങ്ങളുടെ ജീവിത പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസര്‍ക്കാരുകളും.യുപിഎ ഭരണകാലത്ത് ക്രൂഡോയില്‍ വില 132 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു.എന്നാല്‍  ഇന്ന് ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 72 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഇന്ധനവില നൂറുരൂപ കടന്നു.

പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം  ഡീസലിന് 36.32 ഉം രൂപയാണ്. ഇതിന്‍റെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ  സര്‍ക്കാരുകള്‍ പിഴിയുന്നത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഇന്ധനവില വര്‍ധിക്കുന്നതില്‍ പ്രധാന ഘടകം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48  രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ 32.90 രൂപയായത്.  ഡീസലിന് 3.56 രൂപ നികുതിയായിരുന്നത് 31.80 രൂപയായി.  സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്.കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ ഇരുസര്‍ക്കാരുകളും തുല്യമാണ്.ഇന്ധനവില വര്‍ധിപ്പിക്കുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്സിനും വേണ്ടിയാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ പ്രസ്താവന ശുദ്ധ നുണയാണ്. ഇന്ധനവിലയിലൂടെ ലഭിക്കുന്ന നികുതിയും കോവിഡ് വാക്സിനും ചെലവാക്കുന്ന തുകയും തമ്മില്‍ താരതമ്യം ചെയ്താല്‍ അത് വ്യക്തമാകും.മോദിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനാധിപത്യ സംവിധാനം ഇല്ലാതായെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് ഇന്ധനവില നിയന്ത്രിക്കാന്‍ തയ്യാറാകണം.യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. അതുപോലെ വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം. ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇടതുസര്‍ക്കാരിനും കേരള മുഖ്യമന്ത്രിക്കുമില്ല.ഇന്ധനവില വര്‍ധനവിനെതിരായ ജനവികാരം പ്രതിഷേധമായി ഉയര്‍ത്തിക്കാട്ടാനാണ് ഇത്തരം ഒരു സമരം രാജ്ഭവന് മുന്നില്‍ സംഘടിപ്പിക്കുന്നതെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷ ധര്‍മ്മമാണ് ഈസമരത്തില്‍ പ്രതിഫലിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍,ആന്‍റോ ആന്‍റണി,ബെന്നി ബെഹന്നാന്‍,രാജ്മോഹന്‍ ഉണ്ണിത്താന്‍,അടൂര്‍ പ്രകാശ്,ഡീന്‍കുര്യാക്കോസ്,രമ്യാഹരിദാസ്,ഇടി മുഹമ്മദ് ബഷീര്‍,അബ്ദുള്‍ സമദ് സമദ്ദാനി,ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. തുടര്‍ന്ന് എംപിമാര്‍ രാജ്ഭവനിലെത്തി ഇന്ധനവില വര്‍ധനവിനെതിരായ ജനങ്ങളുടെ പ്രതിഷേധം ഗവര്‍ണ്ണറെ ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *