ദേശീയ മത്സരപരീക്ഷകളിൽ മികവിൽ ഓടിക്കയറി പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള കുട്ടികൾ ; ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി.
മലയാളികൾക്ക് അഭിമാനമായി സർക്കാർ നടത്തുന്ന പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്റർ. സെന്ററിൽ നിന്ന് പരിശീലനം നേടിയ നാല് കുട്ടികൾക്കാണ് രാജ്യത്തെ വിവിധ ഐഐടികളിൽ പ്രവേശനം ലഭിച്ചത്. ഐഐടി പ്രവേശനം നേടിയ നുസൈബത് ടിപി, പ്രിയ കാവേരി, അന്നാ മരിയ, ജസീം, ചീഫ് ധനസ് മാത്തമാറ്റിക്സും തിരൂർ ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ വിനോദ് കുമാർ എന്നിവരെ പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
2017 ലാണ് കോഴിക്കോട് പേരാമ്പ്രയിൽ കരിയർ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത്. അന്നത്തെ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ ആണ് സെന്റർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ സർക്കാർ കരിയർ ഗൈഡൻസ് സെന്റർ ആണ് പേരാമ്പ്രയിലേത്. സെന്ററിന്റെ ധനുഷ് പദ്ധതിയുടെ ഭാഗമായി
കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികളാണ് പരിശീലനത്തിന് ചേർന്നത്.
അഞ്ച് വിഷയങ്ങളിൽ ആണ് പരിശീലനം. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസ്, ഇംഗ്ലീഷ്,എകണോമിക്സ് എന്നിവയിൽ ആണ് പരിശീലനം നൽകുന്നത്. ഒരു വിഷയത്തിൽ 40 കുട്ടികൾ വീതം മൊത്തം 200 വിദ്യാർത്ഥികളാണ് സെന്ററിൽ പരിശീലനം നേടിയത്. കരിയർ ഗൈഡൻസ്, മാനസിക – ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായിരുന്നു.
സെന്ററിൽ നിന്ന് ജാം(JAM )പ്രവേശന പരീക്ഷ എഴുതിയ 19 പേർ പാസായി. ഇതിൽ ഉയർന്ന റാങ്കിലുള്ള നാല് പേർക്കാണ് ഐഐടി പ്രവേശനം ലഭിച്ചത്. ബാക്കിയുള്ളവർ എൻഐടി,ഐസർ തുടങ്ങിയവയിൽ പ്രവേശനം കാത്തിരിക്കുകയാണ്.
പൂർണ്ണമായും സൗജന്യമായാണ് ഈ സർക്കാർ സെന്ററിൽ പരിശീലനം നൽകുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ വഴിയായിരുന്നു പരിശീലനം. ഐഐടി – മദ്രാസ്,പാലക്കാട്, ഹൈദരാബാദ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് പൂനെ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി തുടങ്ങി രാജ്യാന്തര പ്രശസ്തിയുള്ള നിരവധി സ്ഥാപനങ്ങളിലെ ഫാക്കൽറ്റികൾ വിദ്യാർഥികളുമായി ഓൺലൈൻ ആശയവിനിമയം നടത്തി. ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ പി ജി സീറ്റുകളിൽ മലയാളി പ്രതിനിധ്യം വർദ്ധിപ്പിക്കുന്നതിന് എൽഡിഎഫ് സർക്കാരിന്റെ ഈ പദ്ധതിയിലൂടെ കഴിഞ്ഞിരിക്കുകയാണ്.പേരാമ്പ്ര മാതൃകയിൽ കൂടുതൽ ജില്ലകളിൽ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ മുഖേന ധനുഷ് പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.