യോഗയിലൂടെ രോഗ പ്രതിരോധം; പഠനങ്ങളും ബോധവത്ക്കരണവും പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

Spread the love

പത്തനംതിട്ട: ജീവിത ശൈലീ രോഗങ്ങള്‍ ബാധിച്ചവരുടെ സംഖ്യ അനുദിനം വര്‍ധിച്ചു വരുന്ന കേരളത്തില്‍ ആരോഗ്യകരമായ ജീവിത ശൈലികളെ കുറിച്ചും ശാസ്ത്രീയമായ വ്യായാമമുറകളെ കുറിച്ചും ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മഹാത്മാഗാന്ധി സര്‍വകലാശാല സെന്റര്‍ ഫോര്‍ യോഗാ ആന്‍ഡ് നാച്ചുറോപ്പതിയുടെ കീഴില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ പി.ജി. ഡിപ്ലോമാ കോഴ്സിന്റെയും അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പാമ്പാടി കുര്യാക്കോസ് ഗ്രിഗോറിയോസ് കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ-വ്യായാമ ക്രമങ്ങളിലുണ്ടാകുന്ന താളം തെറ്റലുകളാണ് പലപ്പോഴും ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രണം വിടുന്നതിനു കാരണമാകുന്നത്. യോഗ പോലുള്ള ശാസ്ത്രീയ ജീവിതചര്യകള്‍ ആരോഗ്യ പൂര്‍ണമായ ജീവിതത്തിലേക്കു നയിക്കുന്ന പടവുകളാണ്. കോവിഡ് ബാധിതരുടെ ഇടയില്‍ വ്യാപകമായി കണ്ടുവരുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ യോഗാസന മുറകള്‍ ഫലപ്രദമാണെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

യോഗ പോലുള്ള ലളിതവും ശാസ്ത്രീയവുമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാര്‍വത്രീകമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ എല്ലാ തലങ്ങളിലും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാല സെന്റര്‍ ഫോര്‍ യോഗാ ആന്‍ഡ് നാച്ചുറോപതിയുടെ കീഴില്‍ പുതുതായി ആരംഭിക്കുന്ന യോഗയിലുള്ള ബിരുദാനന്തര ഡിപ്ലോമാ കോഴ്സ് ഈ മേഖലയിട്ടുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് പകരുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡ് രോഗബാധമൂലമുള്ള ഭീഷണി നേരിടുന്നതില്‍ യോഗയുടെ തത്വശാസ്ത്രവും സന്ദേശവും ലേകത്തിന് കരുത്ത് പകരട്ടെയെന്നും മന്ത്രി ആശംസിച്ചു.യോഗയുടെ മാഹാത്മ്യവും തത്വശാസ്ത്രവും ലോകത്തെമ്പാടും കൂടുതല്‍ പ്രചാരം നേടി വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു.

പഠന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഷയത്തില്‍ ഓണ്‍ലൈന്‍ പി.ജി. ഡിപ്ലോമാ കോഴ്സിന് തുടക്കം കുറിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിന്‍ഡിക്കേറ്റ് അംഗം ഡോ. എ. ജോസ് യോഗാ ദിന സന്ദേശം നല്‍കി. യോഗാചാര്യ എ. സഞ്ജയാനന്ദ യോഗാ പ്രോട്ടോകോള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫിലോസഫിക് റിസര്‍ച്ചില്‍ നിന്നുള്ള പ്രൊഫ. ടി.എസ്. ഗിരീഷ് കുമാര്‍, കേന്ദ്ര സര്‍വകലാശാല മുന്‍ യോഗാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി. പത്മനാഭന്‍, സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിലെ ഡോ. ടോംസ് എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളെടുത്തു.

സെന്റര്‍ ഫോര്‍ യോഗാ ആന്‍ഡ് നാച്ചുറോപ്പതി ഓണററി ഡയറക്ടര്‍ ഡോ. ഹരി ലക്ഷ്മിന്ദ്രകുമാര്‍, പാമ്പാടി കെ.ജി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈലാ എബ്രഹാം, പി.എ. അജീഷ് കുമാര്‍, വിപിന്‍ കെ. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *