കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള ഹ്രസ്വകാല പരിശീലന പരിപാടിക്കു തുടക്കമായി

Spread the love
തിരുവനന്തപുരം: കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്കു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് അടക്കം രാജ്യത്തെ 111 കേന്ദ്രങ്ങളിലാണ് ആറു പ്രത്യേക പരിശീലന പരിപാടികൾക്കു തുടക്കമായിരിക്കുന്നത്. പ്രധാൻമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മെഡിക്കൽ ഇതര മേഖലയിൽ നിന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജമാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന നൈപുണ്യ വികസന മിഷനും ചേർന്നു ജില്ലാ സ്‌കിൽ കൗൺസിലിന്റെ സഹകരണത്തോടെയാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്.
മൂന്നു മാസത്തിനകം രാജ്യത്തെ ഒരു ലക്ഷം യുവാക്കൾക്കു പരിശീലനം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ എക്യുപ്‌മെന്റ് സപ്പോർട്ട് എന്നീ വിഭാഗങ്ങളിലാണു പരിശീലനം നൽകുന്നത്. തിരുവനന്തപുരം പ്രാവച്ചമ്പലത്തുള്ള പ്രധാൻമന്ത്രി കൗശൽ കേന്ദ്രയിലും കവടിയാറിലെ കേന്ദ്രത്തിലും ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിൽ 20 പേർക്ക് വീതം ആദ്യ ബാച്ചിൽ പരിശീലനം നൽകും.
തിരുവനന്തപുരം കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, ചാക്ക ഐ.ടി.ഐ. പ്രിൻസിപ്പാൾ ഷമീം ബേക്കർ, ജില്ലാ സ്‌കിൽ ഓഫിസർ എസ്. ലൂമിന, നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എസ്.ഇ.ഒ നിഖിൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *