തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയില്‍ 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും സുധാകരന് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറല്‍ സെക്രട്ടറി, ഒരു ട്രഷറര്‍ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ഭാരവാഹികളെന്നും സുധാകരന് അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ അച്ചടക്കരാഹിത്യം ഒരുകാരണവശാലും അനുവദിക്കില്ല. അച്ചടക്കം ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ അച്ചടക്ക സമിതിയും സംസ്ഥാന തലത്തില്‍ അപ്പീല്‍ അച്ചടക്ക സമിതിയും രൂപീകരിക്കാന്‍ തീരുമാനിച്ചതായും സുധാകരന് വിശദീകരിച്ചു. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള ഘടകമായി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. 30-50 വീടുകളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ രൂപീകരിക്കും. ഇത് പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന് സഹായിക്കുമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി കെപിസിസി പൊളിറ്റിക്കല്‍ സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും സുധാകരന് വ്യക്തമാക്കി.