ആലപ്പുഴ: കുട്ടനാടിന്റെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി ആരംഭിച്ച കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കുട്ടനാട് സന്ദര്‍ശനത്തിനുശേഷം ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍,സാമൂഹിക-രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കുടിവെള്ള പദ്ധതിക്ക് തടസ്സമായി നിന്ന പ്രധാന വിഷയം തലവടി, കുന്നുമ്മ,വെളിയനാട് വില്ലേജുകളിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഇത് അടിയന്തര യോഗം ചേര്‍ന്ന് പരിഹരിച്ചിട്ടുണ്ട്. കൂടാതെ കുടിവെള്ള പദ്ധതിക്ക് ആവശ്യമായ ജലസ്രോതസ്സ് കണ്ടെത്തുകയും പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിയുടെ സമയ ബന്ധിതമായ നടത്തിപ്പിന് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്തു മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേരും.
അഴിമതിരഹിതമായ കുറ്റമറ്റരീതിയില്‍ കുട്ടനാട് രണ്ടാം പാക്കേജ് നടപ്പിലാക്കും. തദ്ദേശ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നും മന്ത്ര പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിങ് ചാനലിന്റെ ഇടതു വലതു കരകള്‍ സംരക്ഷിക്കുന്നതിനും കനാല്‍ കടന്നുപോകുന്ന പഞ്ചായത്തുകളോട് ചേര്‍ന്നുള്ള കരകള്‍ സംരക്ഷിക്കുന്നതിനുമുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനായി 70 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ കുട്ടനാട് എം.എല്‍.എ തോമസ് കെ.തോമസ് അധ്യക്ഷനായി. മുന്‍ എം.എല്‍.എമാരായ സി.കെ.സദാശിവന്, ഡോ.കെ.സി.ജോസഫ്, കുട്ടനാട്ടിലെ 13 പഞ്ചായത്തുകളുടെയും പ്രസിഡന്റുമാര്‍, തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.