റാന്നി മാർത്തോമ്മാ ആശുപത്രിക്കു കരുതലിന്റെ കരവുമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക.


on June 30th, 2021

ഹൂസ്റ്റൺ: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിൽ കൂടി നമ്മുടെ നാട് കടന്നുപോകുമ്പോൾ റാന്നിക്കാർക്ക്  കരുതലിന്റെ കരസ്പർശവുമായി അമേരിക്കയിലെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക!!

റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയ്ക് ഒരു വെന്റിലേറ്റർ നൽകി ട്രിനിറ്റി മാർത്തോമ്മ ഇടവക മാതൃകയായി. ജൂൺ 28 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് ആശുപത്രി ചാപ്പലിൽ നടന്ന പ്രത്യേക ചടങ്ങിൽ വെന്റിലേറ്റർ കൈമാറി.

ഒരു വെന്റിലേറ്റർ നമ്മുടെ ആശുപത്രിയ്ക്ക് ഏറ്റവും ആവശ്യമായിരുന്ന ഘട്ടത്തിലാണ്  ദൈവനിശ്ചയമായി തക്ക സമയത്ത് ആറ് ലക്ഷം രൂപ വിലയുള്ള ഈ വെന്റിലേറ്റർ ട്രിനിറ്റി ഇടവകയിലൂടെ ലഭിച്ചതെന്ന് പ്രത്യേകം  സംഘടിപ്പിച്ച ചടങ്ങിൽ മാർത്തോമാ മെഡിക്കൽ മിഷൻ സെന്റർ പ്രസിഡണ്ട് റവ.ജേക്കബ് ജോർജ് പറഞ്ഞു.

കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക്  വെന്റിലേറ്റർ നൽകിയ ഇടവക വികാരി ഇൻ ചാർജ് റവ. റോഷൻ വി. മാത്യുസ്, ഇടവക കൈസ്ഥാന സമിതി, മിഷൻ ബോർഡ്,  ഇടവക ജനങ്ങൾ എന്നിവർക്ക് റാന്നി മാർതോമ്മ  മെഡിക്കൽ മിഷൻ ഭാരവാഹികൾ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു.
               
ചടങ്ങിൽ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ മുൻ വികാരിമാരായ റവ.ടി.വി. ജോർജ്, റവ. കൊച്ചുകോശി ഏബ്രഹാം, റവ.ജോർജ് തോമസ് (ജോർജി അച്ചൻ ) എന്നിവരോടൊപ്പം റവ. ജിജി മാത്യൂസ്, റവ.ഫിലിപ്പ് സൈമൺ, അനു .ടി ജോർജ് തടിയൂർ, മെഡിക്കൽ  മിഷൻ സെന്റർ ഭാരവാഹികളായ മാത്യു എബ്രഹാം (വൈസ് പ്രസിഡണ്ട് ) ടി. പി . ഫിലിപ്പ് ( സെക്രട്ടറി ) ഷാജി പനവേലിൽ ( ട്രഷറർ ), ബോർഡ് അംഗങ്ങൾ തുടങ്ങിവർ സംബന്ധിച്ചു.
             
കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ ശാന്തിഗിരി ആശ്രമത്തിൽ  നടന്നു വരുന്ന പ്രവർത്തനങ്ങളിൽ ഇടവക പങ്കാളിയായി. കർണാടകയിൽ  ഹോസ്‌ക്കോട്ട് മിഷൻ ആശുപത്രിയിലെ കോവിഡ് ചികിത്സാ സേവനം, മാർത്തോമാ യുവജന സഖ്യം എമർജൻസി മെഡിക്കൽ കിറ്റ് വിതരണം, കേരളത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ  ഡിജിറ്റൽ ടാബ്ലെറ്റുകളും ഉൾപ്പെടെ ഏകദേശം ഇരുപതു ലക്ഷത്തോളം  രൂപയുടെ സഹായം ട്രിനിറ്റി ഇടവക ഈ കാലയളവിൽ നൽകുകയുണ്ടായി.ഇടവകയിലെ കോവിഡ് റിലീഫ് ഫണ്ടിന്റെ ധനശേഖരണത്തിന്  ഇടവക ചുമതലക്കാരോടൊപ്പം യൂത്ത് ഫെല്ലോഷിപ്പും നേതൃത്വം നൽകി.

                                  റിപ്പോർട്ട് : ജീമോൻ റാന്നി

Leave a Reply

Your email address will not be published. Required fields are marked *