‘സുഭിക്ഷം പുനലൂർ’ പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക് തുടക്കമായി

Spread the love

പച്ചക്കറി കൃഷി വ്യാപനത്തിൽ മാതൃക തീർക്കാൻ ‘സുഭിക്ഷം പുനലൂർ’ പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം ഐക്കരക്കോണം ക്ഷേത്രമൈതാനിയിൽ പി. എസ് സുപാൽ എംഎൽഎ നിർവഹിച്ചു. കാർഷിക മേഖലയെ സംരക്ഷിക്കുന്നതും കർഷകരുടെ നിലനിൽപ്പിനുള്ള സാഹചര്യമൊരുക്കുന്നതുമായ പദ്ധതികൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് എം എൽ എ പറഞ്ഞു. പുനലൂർ മണ്ഡലത്തിൽ കൂടുതൽ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകാൻ മണ്ഡലത്തിലെ മുഴുവൻ കൃഷി ഓഫീസർമാരുടെയും ജനപ്രതിനിധികളുടെ യോഗം ചേർന്നതായും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ‘സുഭിക്ഷം പുനലൂർ’ പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി തൈകളുടെ വിതരണം മുതൽ വിളവെടുപ്പ് വരെയുള്ള കാലത്തെ മേൽനോട്ടവും ഏകോപനവുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. നഗരസഭയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും അഞ്ച് ഇനങ്ങളിലുള്ള ഹ്രസ്വകാല പച്ചക്കറിതൈകൾ 25 എണ്ണം വീതവും അഞ്ച് ഇനം ദീർഘകാല പച്ചക്കറിതൈകളും വിതരണം ചെയ്യും.

പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക വാർഡ് തല സമിതികൾ രൂപീകരിച്ചു. വാർഡ് തലത്തിൽ 50 വീടുകളെ ക്ലസ്റ്ററുകൾ ആയി തിരിച്ചു കർമ്മ സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ ഓരോ വീട്ടിലും എത്തിക്കും. കൃഷിക്ക് ആവശ്യമായ വളങ്ങളും കർമ്മ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിക്കും.
എല്ലാ മാസവും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കർമസമിതികൾ ചേർന്ന് വാർഡ് തല പച്ചക്കറി കൃഷിയുടെ പുരോഗതി വിലയിരുത്തും.
കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനവും പദ്ധതിയുടെ ഭാഗമായി നടന്നു.

മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഡി ദിനേശൻ, കെ പുഷ്പലത, വസന്ത രഞ്ജൻ, കൗൺസിലർ റഷീദ് കുട്ടി എന്നിവർ പങ്കെടുത്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജയ പീറ്റർ വാർഷിക പദ്ധതികൾ വിശദീകരിച്ചു. കൃഷി ഓഫീസർ പി വി സുദർശനൻ നന്ദി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *