കൊല്ലം തുറമുഖ വികസനം ദ്രുതഗതിയിലാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കൊല്ലം: തുറമുഖത്ത് എത്തി വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തിയ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കും എന്ന് അറിയിച്ചു. ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ വികസനം സാധ്യമാക്കും- മന്ത്രി പറഞ്ഞു.

വകുപ്പുതല ഉദ്യോഗസ്ഥരും കശുവണ്ടി, ലോജിസ്റ്റിക്‌സ്, കാര്‍ഗോ ഓണേഴ്‌സ്, ഷിപ്പിങ് ഏജന്റ്‌സ്, തുടങ്ങിയവരുമായി ചേര്‍ന്ന യോഗത്തില്‍ മന്ത്രി അവരുടെ അഭിപ്രായങ്ങളും ആരാഞ്ഞു.
നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടും മന്ത്രി സന്ദര്‍ശിച്ചു. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിലുള്ള സാധ്യതകള്‍ പരിശോധിച്ചു. പള്ളിത്തോട്ടത്ത് സിമന്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും ആശയവിനിമയം നടത്തി.

എം.എല്‍.എമാരായ എം. മുകേഷ്, സുജിത്ത് വിജയന്‍പിള്ള, ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, എ.ഡി.എം സാജിതാ ബീഗം, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ മാത്യു, സി.ഇ.ഒ ടി.പി സലീം, പോര്‍ട്ട്- ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥര്‍, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment