ടെലിവിഷൻ വീക്ഷണം വിശകലനം : പ്രകാശനം ചെയ്തു

എം.ടി. വാസുദേവന്‍ നായര്‍ | m t vasudevan nair| mt| arts| culture and entertainment

ടെലിവിഷൻറെ സാധ്യതയും  പരിമിതിയും സാധാരണക്കാർക്കുകൂടി പകർന്നുകൊടുക്കുന്ന പുസ്തകം:  എം ടി

ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ  രചിച്ച ടെലിവിഷൻ : വീക്ഷണം, വിശകലനം എന്ന പുസ്തകം ടെലിവിഷൻറെ സാധ്യതയും പരിമിതിയും പ്രാധാന്യവും സാധാരണക്കാർക്കുകൂടി പ്രയോജനപ്രദമാവുന്ന വിധത്തിൽ പകർന്നുനൽകുന്ന ഒന്നാണെന്ന് എം ടി വാസുദേവൻ നായർ. കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഗൃഹോപകരണങ്ങൾ പോലെ സാധാരണക്കാർക്ക് പരിചിതമായ ടെലിവിഷൻറെ സാങ്കേതികവും സർഗാത്മകവുമായ വശങ്ങൾ അറിഞ്ഞിരിക്കാൻ  സാധ്യത തുറക്കുന്നതാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.  എം ടി വാസുദേവൻ നായരുടെ മകളും നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ  അശ്വതിക്ക്  കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരുന്നു.  മലയാള വിജ്ഞാനശാഖയ്ക്ക് മുതൽക്കൂട്ടാകുന്ന വേറിട്ട പുസ്തകമാണിതെന്ന് അദ്ദേഹം പറഞ്ഞു.  പ്രളയം, കോവിഡ് തുടങ്ങിയ സാഹചര്യങ്ങളിലും  ടെലിവിഷൻ എങ്ങനെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുന്നു എന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
പത്രാധിപരായ എം ടി യെ കുറിച്ചുള്ള ഡോക്യുഫിക്ഷൻ നിർമ്മിക്കാൻ കേരള മീഡിയ അക്കാദമി നടപടികൾ എടുത്തിട്ടുണ്ടെന്ന് ആർഎസ് ബാബു പറഞ്ഞു. സംവിധായകൻ പ്രിയദർശൻ ആയിരിക്കും ഇതിൻറെ സംവിധാനം.

മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കും ഫലപ്രദമായ ഒരു പുസ്തകമാണ് കെ കുഞ്ഞികൃഷ്ണൻറേതെന്ന്   പുസ്തക വിശകലനം നടത്തിയ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. ഇന്നത്തെ മാധ്യമങ്ങൾ വിശ്വാസ്യതയുടെ പ്രശ്നം അഭിമുഖീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ചാനൽ പ്രവർത്തനത്തിലെ ചില നൈതിക വീഴ്ചകളും വിട്ടുവീഴ്ചകളും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. സാമൂഹ്യ മനശാസ്ത്രത്തെ ടെലിവിഷൻ എന്ന മാധ്യമം എങ്ങനെ ബാധിക്കുന്നു എന്നും പുസ്തകത്തിലുണ്ട്.  മാധ്യമ പ്രവർത്തകർ ഏത് അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നു,  അവരുടെ വെല്ലുവിളികൾ എന്തൊക്കെ എന്ന് സാധാരണക്കാരെ ബോധിപ്പിക്കാനും ഈ പുസ്തകത്തിന് കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ടെലിവിഷൻ മാധ്യമപ്രവർത്തനത്തിൽ
നൈതികത, വസ്തുനിഷ്ഠത എന്നിവയിൽ    സംഭവിക്കുന്ന വീഴ്ചകളെ കുറിച്ച് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് എന്ന് കെ കുഞ്ഞികൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.  ദൂരദർശൻ മലയാളം ആരംഭദശയിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

അശ്വതി, കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *