കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം

Spread the love

ആദ്യഘട്ടത്തിൽ നൽകുന്നത് 1,777 കോടി

ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു: മന്ത്രി കെ.രാജൻ - KERALA - POLITICS | Kerala Kaumudi Online

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63.5 കിലോമീറ്റർ നീളത്തിൽ 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്നുമാസത്തിനകം മുഴുവൻ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാതയ്ക്കായി ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അവാർഡ് രേഖകളുടെ വിതരണോദ്ഘാടനം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മേത്തല സിവിൽസ്റ്റേഷൻ ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.

ഇരുപത് വില്ലേജുകളിൽ നിന്നായി ആറായിരത്തിലേറെപ്പേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എട്ട് വില്ലേജുകളിലെ ഏകദേശം 85 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് നിലവിൽ ദേശീയപാത അതോറിറ്റി നൽകിയിട്ടുള്ളത്. മുഴുവൻ ഭൂമിയും ഏറ്റെടുത്തു കഴിയുമ്പോൾ 5400 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നൽകേണ്ടി വരിക. 20 വില്ലേജുകളെ ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള നാല് യൂണിറ്റുകളാക്കി ഓരോ തഹസിൽദാർമാരുടെ കീഴിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 2009ൽ  പ്രവർത്തനം ആരംഭിച്ചുവെങ്കിലും 2018ലെ വിജ്ഞാപനം അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഉടമകൾക്ക് പണം കൈമാറുന്ന ഘട്ടംവരെ എത്തി നിൽക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ 2013-ലെ റിഹാബിലിറ്റേഷൻ ആക്ട് അനുസരിച്ചാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക നിർണയിച്ചിരിക്കുന്നത്.

ചാവക്കാട് താലൂക്കിലെ എടക്കഴിയൂർ, ഒരുമനയൂർ, വാടാനപ്പള്ളി, എങ്ങണ്ടിയൂർ വില്ലേജുകളിലെ 12 ഉടമകൾക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകൾ വിതരണം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ഭൂവുടമകൾക്ക് 1956 ദേശീയപാത ആക്ട് 3E (1) പ്രകാരം 60 ദിവസത്തിനകം ഭൂമി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകുന്ന ജോലിയും പുരോഗമിച്ചു വരികയാണ്.  രേഖകൾ പൂർണമായി സമർപ്പിക്കുന്നതിനനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യും.  രേഖകൾ പൂർണമായി സമർപ്പിക്കാത്ത പക്ഷം അവരുടെ നഷ്ടപരിഹാരത്തുക മാറ്റിവെച്ച് ഉത്തരവാക്കുന്നതും രേഖകൾ ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യുകയും ചെയ്യും. ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശത്തർക്കം ഉള്ള പക്ഷം തുക കോടതിയിലും കെട്ടി വെയ്ക്കും.

എംപിമാരായ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, എംഎൽഎമാരായ അഡ്വ വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, എൻ കെ അക്ബർ, സി സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ജില്ലാ കലക്ടർ എസ് ഷാനവാസ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഐ പാർവതി ദേവി എന്നിവർ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *