ടെക്‌സസില്‍ ചര്‍ച്ച് ക്യാംപില്‍ പങ്കെടുത്ത 150 പേര്‍ക്ക് കോവിഡ് – പി.പി.ചെറിയാന്‍    

ടെക്‌സസ് : ടെക്‌സസ് ക്ലിയര്‍ ക്ലീക്ക് കമ്മ്യൂണിറ്റി ചര്‍ച്ച് സംഘടിപ്പിച്ച സമ്മര്‍ ക്യാംപില്‍ പങ്കെടുത്തവരില്‍ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഗ്രേഡ് 6 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ അവസാനം സംഘടിപ്പിച്ച ക്യാംപില്‍ 400 പേരാണു പങ്കെടുത്തത്.  ക്യാംപ്  അവസാനിച്ചു മടങ്ങിയവരില്‍ 125 പേര്‍ക്ക് ഉടനെ കോവിഡ് സ്ഥിരീകരിച്ചതായും നൂറിലധികം പേരില്‍ കോവിഡ് വ്യാപനം ഉണ്ടായതായും ചര്‍ച്ച് അധികൃതര്‍ പറയുന്നു.ലീഗ് സിറ്റിയില്‍ ഉണ്ടായ ഈ അസാധാരണ കോവിഡ് വ്യാപനത്തെ കുറിച്ചു ഗാല്‍വസ്റ്റന്‍ കൗണ്ടി ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഗാല്‍വസ്റ്റണ്‍ കൗണ്ടിയിലെ ക്യാംപില്‍ പങ്കെടുത്ത യുവജനങ്ങള്‍ ഉള്‍പ്പെടെ 57 പേര്‍ക്കും ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ ഉള്‍പ്പെടാത്ത 90  പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ക്യാമ്പില്‍ പങ്കെടുത്തവര്‍ വാക്‌സിനേറ്റ് ചെയ്തിരുന്നുവെന്നോ, വാക്‌സിന്‍ സ്വീകരിക്കുന്നതിന് അര്‍ഹരായവരാണോ എന്നും വ്യക്തമല്ലെന്ന് ചര്‍ച്ച് അധികൃതര്‍ പറഞ്ഞു.
ക്യാംപില്‍ പങ്കെടുത്തവരില്‍ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതു ജൂണ്‍ 27 നായിരുന്നുവെന്ന് ഗാല്‍വസ്റ്റന്‍ കൗണ്ടി ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ചര്‍ച്ചിലെ സര്‍വീസ് തല്‍ക്കാലം റദ്ദ് ചെയ്തതായി ചര്‍ച്ച് അധികൃതരും പറയുന്നു.
Leave Comment