വൈറസിനെതിരെ മാത്രമല്ല ഭയത്തിനെതിരേയും വാക്‌സീന്‍ ആവശ്യമെന്ന് ഡോ. വിനു ജോണ്‍ ഡാനിയേല്‍


on July 7th, 2021
ഫിലഡല്‍ഫിയ : കോവിഡ് മഹാമാരിയുടെ മധ്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാതെ തരിച്ചുനില്‍ക്കുമ്പോള്‍, വാക്‌സിന്‍ സ്വീകരിക്കേണ്ടത് വൈറസിനെതിരെ മാത്രമല്ല, ലോകത്തിന്റെ മുകളില്‍ ഭയത്തിന്റെ ഒരു പുതപ്പിടാന്‍ ശ്രമിക്കുന്ന അന്ധകാര ശക്തിക്കെതിരേയും ആണെന്നു ഫിലഡല്‍ഫിയായിലെ പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും, വചന പണ്ഡിതനുമായ ഡോ. വിനുജോണ്‍ ഡാനിയേല്‍ പറഞ്ഞു. കണ്ണുനീര്‍ താഴ്‌വരയുടേയും ഭയത്തിന്റേയും അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തകര്‍ന്നു പോകാത്ത ദൈവ വിശ്വാസത്തിനുടമകളായി മാറണമെന്നും അദ്ദേഹം  ഉദ്‌ബോധിപ്പിച്ചു. സങ്കീര്‍ത്തനം 84-ാം അധ്യായത്തെ അപഗ്രഥിച്ചു 273-ാം രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂലൈ 6 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ഡോ. വിനു ജോണ്‍.
ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥിയെ  പരിചയപ്പെടുത്തുകയും ചെയ്തു. ന്യുയോര്‍ക്കില്‍ നിന്നുള്ള എം. വി. വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള സുജു ചെറിയാന്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച ചിക്കാഗോയില്‍ നിന്നുള്ള ടി. ജി.  എബ്രഹാമിനെ പ്രത്യേകം ആദരിച്ചു. ടി. എ. മാത്യു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും നാനൂറില്‍പരം പേര്‍ പ്രെയര്‍ലൈനില്‍ സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ.  മാത്യു പറഞ്ഞു.
                                   റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *