എല്ലാവരുടെയും അടുപ്പത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി : ഫ്രാന്‍സിസ് പാപ്പ

Picture

വത്തിക്കാന്‍ സിറ്റി: വന്‍കുടലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു ആശുപത്രിയില്‍ വിശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പ, തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കു നന്ദി രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. “ഈ ദിവസങ്ങളില്‍ ലഭിച്ച നിരവധി കരുതലുള്ള സന്ദേശങ്ങള്‍ എന്നെ സ്പര്‍ശിച്ചു. എല്ലാവരുടെയും അടുപ്പത്തിനും പ്രാര്‍ത്ഥനയ്ക്കും ഞാന്‍ നന്ദി പറയുന്നു.” പാപ്പ ട്വീറ്റ് ചെയ്തു. ഇതിനിടെ, റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഞായറാഴ്ച ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മാര്‍പാപ്പ സുഖംപ്രാപിക്കുന്നതായി വത്തിക്കാന്‍ പ്രസ് അറിയിച്ചു.

അര്‍മേനിയന്‍ സുപ്രീം പാത്രിയാര്‍ക്കീസ് കരേക്കിന്‍ രണ്ടാമന്‍, തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍, പലസ്തീന്‍ നേതാവ് മെഹ്മൂദ് അബ്ബാസ്, ക്യൂബന്‍ നേതാവ് ഡയസ് കാനല്‍ മുതലായവര്‍ മാര്‍പാപ്പയ്ക്കു പ്രാര്‍ത്ഥനയും സൌഖ്യാശംസയും നേര്‍ന്നിരുന്നു. പാപ്പ പദവിയിരിലിരുന്ന കാലത്തോളം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ചികിത്സയിലിരുന്ന ജെമല്ലി യൂണിവേഴ്‌സിറ്റി ആശുപത്രിയുടെ പത്താം നിലയില്‍ പാപ്പമാരുടെ അടിയന്തിര ചികിത്സക്കായി സജ്ജമാക്കിയിട്ടുള്ള അതേ മുറിയില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നത്. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *