തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊച്ചിൻ പോർട്ട് സന്ദർശിച്ചു

എറണാകുളം :  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊച്ചിൻ പോർട്ട് സന്ദർശിച്ചു.കേരളത്തിൽ കോസ്റ്റൽ ഷിപ്പിങ് ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ്  കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി പോർട്ട് ട്രസ്റ്റിലെത്തിയത്.

കൊച്ചി – ലക്ഷദ്വീപ് യാത്രാ കപ്പലുകളിൽ ഗ്യാസ് സിലിണ്ടറുകൾ പോലുള്ള വസ്തുക്കൾ കൊണ്ടുപോകാൻ നിയന്ത്രണമുള്ളതിനാൽ ചരക്ക് നീക്കത്തിനായി ബാർജ്ജ്  സർവീസ് ലക്ഷദ്വീപിലേക്ക് ആരംഭിക്കണമെന്നും  കൂടാതെ കൊല്ലം – അഴീക്കൽ  തുറമുഖങ്ങളെ ബന്ധിപ്പിച്ച് റോ – റോ സർവീസ് ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.  തുറമുഖങ്ങൾ ഷിപ്പിംഗ് ട്രാൻസ്പോർട്ടിങ്    ഏജൻസികളുടെ സഹായത്തോടുകൂടി മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കണം. വിഴിഞ്ഞം തുറമുഖം രാജ്യാന്തര കവാടമാകുന്നതോടെ കൊച്ചി ഉൾപ്പെടെയുള്ള കേരളത്തിലെ തുറമുഖങ്ങൾ ബന്ധിപ്പിച്ച് ചരക്കുനീക്കം നടത്തുന്നതിനുള്ള പദ്ധതികൾ കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ആലോചിക്കണം.   കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോസ്റ്റൽ ഷിപ്പിംഗ് ഇൻസെന്റീവ്  സ്കീമിന് ആനുപാതികമായ സഹായം ലഭ്യമാക്കാൻ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തോട് കൊച്ചി പോർട്ട് ട്രസ്റ്റ് ശുപാർശ ചെയ്യണമെന്നും  മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു .
മാത്രമല്ല നയപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഓഫീസ് സന്ദർശിച്ചത്.

യോഗത്തിൽ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന, ഡെപ്യൂട്ടി ചെയർമാൻ സിറിൾ സി ജോർജ് , ട്രാൻസ് പോർട്ട് മാനേജർ വിപിൻ ആർ മേനോത്ത് ,  കേരള മാരിടൈം ബോർഡ്   ചെയർമാൻ സിഇഒ  ടി.പി. സലീം കുമാർ ,കൊച്ചിൻ സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രതിനിധികളായ കൃഷ്ണകുമാർ, പ്രകാശ് അയ്യർ, കൊച്ചിൻ കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രതിനിധി ബെന്നി ഫ്രാൻസിസ് , ഡി പി വേൾഡ് ജനറൽ മാനേജർ ഡിപിൻ കയ്യത്ത്, തുടങ്ങിയവർ പങ്കെടുത്തു.

Leave Comment