കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടപ്രകാരം 23/07/2021ന് ശ്രീ.സജീവ് ജോസഫ് എം .എല്‍.എയ്ക്ക് അനുവദിച്ച ശ്രദ്ധക്ഷണിക്കലിനുളള മറുപടികുറിപ്പ്

കശുവണ്ടി സംഭരണത്തിനും ന്യായവിലക്കും അടിയന്തിര നടപടി വേണം: അഡ്വ സജീവ് ജോസഫ്  എം എൽ എ – Malayorashabdam
കോവിഡ് 19 ലോക്ഡൗണ്‍ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുകൂല സാഹചര്യമില്ലാതിരുന്ന സമയത്താണ്    ‘ഫസ്റ്റ്‌ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രത്യേക ക്ലാസുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്.    കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന സാഹചര്യം കഴിയുന്നത്ര  പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ്  ലക്ഷ്യം വച്ചത്. സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിക്കൊണ്ടാണ്  ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകള്‍ നടപ്പിലാക്കിയത്.  പ്രസ്തുത അനുഭവംകൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ജൂണ്‍ മാസം വിക്ടഴ്‌സ് മുഖേനയുളള ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണമാണ് ആദ്യം നടത്തിയത്.
കേരളത്തിലെ ആദിവാസി മേഖലയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ അഭാവംനേരിടുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കണക്ക് പട്ടികവര്‍ഗ്ഗ വികസന വകകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിക്കുകയും  ആയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും കുട്ടികളെ തരംതിരിക്കുന്നതിനും ആയത്  ക്രോഡീകരിക്കുന്നതിനുമുള്ള നടപടികള്‍ കൈറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.സ്‌കൂള്‍ ഡിജിറ്റലൈസേഷന്റെ ഭാഗമായി ”കൈറ്റ്” സ്‌കൂളുകള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകള്‍ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനായി നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ഓരോ ജില്ലയിലും നല്‍കേണ്ട ലാപ് ടോപ്പുകളുടെ കണക്കെടുച് പൂര്‍ത്തിയാക്കുകയും അവ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 43,952 പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്കാണ് പുതിയതായി ഉപകരണങ്ങള്‍ ആവശ്യമായിട്ടുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നാല് ഘട്ടങ്ങളായിട്ടാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ പിന്നോക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ എല്ലാ കൂട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കൂന്നതിനായി   പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനതല ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച്  ഉത്തരവ്” പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍തലത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് കണക്കെടുപ്പ് നടന്നുവരുന്നുണ്ട്. ഈ പ്രവര്‍ത്തനം   പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനതലത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത കൂട്ടികളുടെ കണക്ക് ലഭ്യമാകൂന്നതാണ്. ഈ കണക്ക് ലഭ്യമാകുന്നതോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൂട്ടികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള നടപടികള്‍   കൈക്കൊള്ളുന്നതാണ്.
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര ശിക്ഷാ കേരളം, എസ്.സി.ഇ.ആര്‍.ടി.യുടെ അക്കാദമിക പിന്തുണയോടെ ”വൈറ്റ് ബോര്‍ഡ്” എന്ന യൂടൂബ് ചാനലിലൂടെ അനുരൂപീകരിച്ച്വിഡിയോ ക്ലാസ്സുകള്‍ രക്ഷകര്‍ത്താക്കളൂടെ പിന്തുണയോടെ നല്‍കിവരുന്നുണ്ട്. ബുദ്ധിപരിമിതമായ കുട്ടികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി. വിഭാവനം ചെയ്ത പഠന പിന്തുണാസംവിധാനമാണ് തേന്‍കൂട് ആപ്ലിക്കേഷന്‍. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൊടുക്കുന്നതിനും അവരുടെ പ്രതികരണങ്ങള്‍ അറിയുന്നതിനും ഈ സംവിധാനം ഉപയോഗപ്രദമാണ്. എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ സവിശേഷ പാഠ്യപദ്ധതിയില്‍ നിന്നും ഉചിതമായ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ തെരഞ്ഞെടുത്തു കൊടുക്കുന്നു. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനുള്ള അവസരം നല്‍കിയിട്ടുണ്ട്. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് തുടര്‍ പ്രവര്‍ത്തനവും പിന്തുണയും നല്‍കുവാന്‍ സാധിക്കും. എല്ലാ സ്‌കൂളുകളിലും പ്രിന്‍സിപ്പില്‍മാര്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കെല്ലാ  ആവശ്യമായ പരിശീലനം  നല്‍കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്.
സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപക ശാക്തീകരണത്തിനായി ”ഗണിനിപ്രഭ’എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ശാക്തീകരണ പരിപാടി എസ്.സി.ഇ.ആര്‍.ടി.യൂടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കാഴ്ചപരിമിതരായ എല്ലാ കുട്ടികള്‍ക്കുമായി അനുമരൂപീകൃത (Adapted) ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ യൂട്യൂബ്ചാനല്‍ വഴി ആഗസ്റ്റ് മാസത്തോടെ സംപ്രേഷണം ചെയ്യുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രയില്‍, ഓറിയന്റേഷന്‍ & മൊബിലിറ്റി, plus curriculum  തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ക്ലാസ്സുകള്‍ നല്‍കുന്നത്. ബ്രയില്‍ പഠനം കാര്യക്ഷമമാക്കാന്‍ ഉതകുന്ന വീഡിയോ ടൂട്ടോറിയല്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നതായിരിക്കും. ചില ആദിവാസി ഊരുകളിലും മറ്റു ചില റിമോട്ടായിട്ടുള്ള പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക് ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കുന്നതിനായി  ബഹു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍  കേരളത്തിലെ ഇന്റര്‍നെറ്റ് ദാതാക്കളുമായി  ഒരു യോഗം കൂടുകയും ഇത്തരം പ്രദേശങ്ങളിലെ കണക്റ്റിവിക്ടി പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള  നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ എല്ലാ ഇന്റര്‍നെറ്റ് ദാതാക്കളും പൂര്‍ണ്ണമായ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  ഓണ്‍ലൈന്‍ വിദ്യാഭ്യാസവും എല്ലാ വിഭാഗം കുട്ടികള്‍ക്കും ലഭ്യമാക്കിക്കൊണ്ടായിരിക്കും നടപ്പിലാക്കുക.
Leave Comment