കുന്നംകുളം നഗരത്തിൽ പൊലീസിന്റെ വ്യാപക പരിശോധന

ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന കുന്നംകുളം നഗരത്തിൽ വാരാന്ത്യ ലോക്ഡൗണിൽ  പൊലീസിൻ്റെ കർശന പരിശോധന. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രം യാത്ര അനുവദിച്ചാണ് പൊലീസ് നഗരത്തിൽ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഞായറാഴ്ചയും പരിശോധന കർശനമാക്കും.

നഗര കേന്ദ്രത്തിലും ത്രിവേണി ജംഗ്ഷനിലും പൊലീസ് പരിശോധന നടത്തി.  സത്യവാങ്മൂലം കയ്യിൽ കരുതാതെ വരുന്നവരുടെ പേരും മേൽവിലാസവും ശേഖരിക്കുകയും കോവിഡ് പരിശോധന ആവശ്യമുള്ള വരെ ക്യാമ്പ് നടക്കുന്ന ഗവ.ബോയ്സ് സ്കൂളിലേക്ക് അയച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.

രോഗികളുടെ എണ്ണത്തിലുള്ള ഗണ്യമായ വർധനവിൽ കുന്നംകുളം രണ്ടാം ആഴ്ചയിലും  വീണ്ടും ഡി കാറ്റഗറിയിലേക്ക് മാറിയിരുന്നു. കുന്നംകുളം നഗരസഭാ പ്രദേശം നിലവിൽ ട്രിപ്പിൾ ലോക്ഡൗണിലാണ്.
കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കൂടിയാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

Leave Comment