സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സി പി ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ജില്ലയിൽ സജ്ജമായി ആഗസ്റ്റ് 10ന് തുറന്ന് നൽകും

Spread the love

ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം മതിലകത്ത് സജ്ജമായി. ജില്ലയിലെ രണ്ടാമത്തെ സി എഫ് എൽ ടി സി കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ സി എഫ് എൽ ടി സിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.  സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപി ബെന്നി ബെഹനാൻ, നടൻ മമ്മൂട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.

സംസ്ഥാന സർക്കാരും വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചാണ് നാനൂറ് ഓക്‌സിജൻ കിടക്കകളോട് കൂടിയ സെൻ്റർ ഒരുക്കിയത്. മതിലകത്ത് ദേശീയപാതയോട് ചേർന്ന് പന്ത്രണ്ട് ഏക്കറിലായി 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ട്രാൻസ്ഗ്ലോബൽ ഡ്രൈ പോർട്ടാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യപ്രകാരം സി പി ട്രസ്റ്റ് സി എഫ് എൽ ടി സി ആക്കി മാറ്റുന്നത്. കേന്ദ്രത്തിൻ്റെ നവീകരണത്തിനായി ഒരു കോടി രൂപയാണ് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് ചെലവഴിച്ചത്. ഇത് കൂടാതെ കേന്ദ്രത്തിലേക്ക് ആംബുലൻസും രോഗികൾക്ക് ഭക്ഷണത്തിന് ആവശ്യമായ അരിയും ഭക്ഷണസാധനങ്ങളും ശുദ്ധജലവിതരണ സംവിധാനവും സി പി ട്രസ്റ്റ് നൽകും. കിടക്കകളും, മരുന്നും മറ്റു മെഡിക്കൽ സൗകര്യങ്ങളും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. മതിലകം ഗ്രാമ പഞ്ചായത്തിനാണ് കേന്ദ്രത്തിൻ്റെ നിർവഹണ ചുമതല.

നാനൂറ് കിടക്കകൾ, ഇരുപത് ഡോക്ടർമാർ, അൻപത് നഴ്സിംഗ് സ്റ്റാഫുകൾ, അൻപത് ഓക്സിജൻ, മെഡിക്കൽ വിഭാഗം, ലാബ്, ഡാറ്റ എൻട്രി, കൗൺസിലിംഗ്, ഫാർമസിസ്റ്റ്, ലൈബ്രറി, എല്ലാവിധ മതവിഭാഗങ്ങൾക്കുമുള്ള പ്രാർത്ഥനാ ഹാളുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, വൈഫൈ, ബയോ മെഡിക്കൽ വെയിസ്റ്റ് സംവിധാനമായ ഇമേജ് തുടങ്ങിയവയാണ് ഒരുക്കുന്നത്. നോഡൽ ഓഫീസർ ഡോ സാനു കെ പരമേശ്വരൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ ഫാരിസ് എന്നിവർക്കാണ് കേന്ദ്രത്തിന്റെ ചുമതല. 20 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം മൂന്ന് ഷിഫ്റ്റുകളിലായി രോഗികളെ പരിശോധിക്കും. അടിയന്തര സന്ദർഭങ്ങളിൽ ഐ സി യു ആംബുലൻസുകൾക്ക് പ്രവേശിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളുകളിലാണ് രോഗികളെ കിടത്തുക. ഓഗസ്റ്റ് പത്തിന് കോവിഡ് ബാധിതർക്കായി കേന്ദ്രം തു‌റന്നു കൊടുക്കും.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നാടമുറിക്കൽ ചടങ്ങ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, സി പി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ്,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രൻ, ഡിപിഎം സതീഷ്, ഡോ സാനു എം പരമേശ്വരൻ, ഡോ ഫാരിസ്, ഡ്രൈപോർട്ട് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *