കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം സമസ്ത മേഖലകളിലും ഉണ്ടായ തകര്‍ച്ചയും സാധാരണ ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യതയും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്നുണ്ടായ ഗുരുതരമായ സ്ഥിതി നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (ജൂലൈ 27, 2021)
കോവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ 10000 കോടി രൂപയെങ്കിലും ജനങ്ങള്‍ക്ക് നേരിട്ട് നല്‍കണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്നു പഠിക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മാതൃകയില്‍ കമ്മിഷന്‍ പ്രവര്‍ത്തിക്കണം. വിദഗ്ധരെ നിയോഗിച്ച് കോവിഡ് ഓരോ മേഖലയിലുമുണ്ടാക്കിയ ദുരന്തങ്ങളെ കുറിച്ച് പഠിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജ്യത്ത് 2005-ല്‍ ഉണ്ടായ മാന്ദ്യം മറികടക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചതു പോലെ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കൈയ്യിലേക്ക് നേരിട്ട് പണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ 10000 കോടിയെങ്കിലും നേരിട്ട് നല്‍കണമെന്നും വി.ഡി സതീശന്‍ നിര്‍ദ്ദേശിച്ചു.
രണ്ട് കോവിഡ് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ കരാറുകാര്‍ക്കുള്ള പണവും പെന്‍ഷനും കൊടുത്തു. അത് ഉത്തേജക പാക്കേജ് അല്ല, സര്‍ക്കാരിന്റെ ബാധ്യതയാണ്. ബാധ്യത കൊടുത്തു തീര്‍ക്കല്‍ എങ്ങനെയാണ് ഉത്തേജക പാക്കേജ് ആകുന്നത്? ഇതിനെ കോവിഡ് ഉത്തേജക പാക്കേജ് എന്ന ഓമനപ്പേരിട്ടു വിളിക്കാന്‍ നിങ്ങള്‍ക്കേ ആകൂ. രണ്ടാമത്തെ ഉത്തേജക പാക്കേജ് 20000 കോടി രൂപയുടേതാണ്. എന്നാല്‍ അത് പ്രഖ്യാപനം മാത്രമാണെന്നും ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്നുമാണ് ഇപ്പോഴത്തെ ധനകാര്യമന്ത്രി പറയുന്നത്. പാവങ്ങളുടെയും നിരാലംബരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാരിന് മനസുണ്ടാകണം. തെരഞ്ഞെടുപ്പ് കഴിയുവോളം നാരായണ, പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടിലാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗണില്‍ സകല മേഖലകളും തകര്‍ന്നു. ദിവസ വേതനക്കാര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമാണ് ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്നത്. നിര്‍മ്മാണ മേഖല പൂര്‍ണമായും സ്തംഭിച്ചു. തിയേറ്ററുകള്‍, വിനോദ സഞ്ചാരം, റെസ്റ്ററന്റ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കും കലാകാരന്‍മാര്‍ക്കും തൊഴില്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് മേഖലയിലെ അഞ്ച് പേരും ബസുടമയും ബേക്കറി ഉടമയും ആത്മഹത്യ ചെയ്തു. ചെറുകിട വ്യവസായ മേഖലയില്‍ 25000 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. 2018 ലെ പ്രളയ കാലത്ത് പ്രഖ്യാപിച്ച വായ്പ ഇതുവരെ കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വായ്പകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് രണ്ടാം തരംഗം ശക്തമായിട്ടും ബാങ്കുകളുടെ യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ലക്ഷക്കണക്കിന് റിക്കവറി നോട്ടീസുകളാണ് വീടുകളിലേക്ക് പോകുന്നത്. വട്ടിപ്പലിശക്കാര്‍ സ്ത്രീകളോട് ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നു. ആരാണ് ഇവര്‍ക്കു വേണ്ടി ചോദിക്കാനുള്ളത്. ബാങ്കുകളുടെ യോഗം വളിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. -പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ ടാക്‌സ് ഓഗസ്റ്റ് വരെ ഒഴിവാക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച ശേഷവും ടാക്‌സ് അടയ്ക്കാത്തിന്റെ പേരില്‍ പിഴ ഈടാക്കി. സര്‍ക്കാരിന് പണം ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തിരിച്ചു പോകാന്‍ വിമാനം ഇല്ലാതെ പ്രവാസികള്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്. കോവാക്‌സിന്‍ ഗള്‍ഫ് നാടുകളില്‍ അംഗീകരിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ കോവാക്‌സിന്‍ എടുത്ത പ്രവാസികള്‍ കോവി ഷീല്‍ഡ് കൂടി എടുക്കണോ? പ്രധാനമന്ത്രിക്ക് കത്തയച്ചിട്ട് കാര്യമില്ല. പ്രശ്‌നങ്ങള്‍ പ്രായോഗികമായി പരിഹരിക്കുകയാണ് വേണ്ടത്. കാറ്റിനെ തടയുന്നതുപോലെ രോഗത്തെ തടഞ്ഞു നിര്‍ത്തിയെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. ഇപ്പോള്‍ അതുപോയി, കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തെത്തി. പിന്നീട് ടി.പി.ആര്‍ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന അവകാശവാദമുയര്‍ത്തി. അതും പൊളിഞ്ഞതോടെ മരണനിരക്ക് കുറവാണെന്ന് പറഞ്ഞു. അതും തെറ്റാണെന്ന് ബോധ്യമായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വിവരാവകാശ പ്രകാരം നല്‍കിയ മരണക്കണക്കും സര്‍ക്കിന്റെ കണക്കും തമ്മില്‍ പോലും വ്യത്യാസമുണ്ട്. ലോക്ക് ഡൗണിന്റെ ഭാഗമായി ആറുദിവസം അടച്ചിടുന്ന കട മൂന്നു ദിവസം മാത്രം തുറന്നാല്‍ തിരക്ക് കുറയുമോ? സാമാന്യയുക്തി ഉപയോഗിക്കണം. അല്ലാതെ ഉദ്യോഗസ്ഥര്‍ എഴുതുന്നതിനു താഴെ ഒപ്പു വയ്ക്കുന്നവര്‍ മാത്രമാകരുത് ജനപ്രതിനിധികള്‍. – പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു.
തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍ അധികാരത്തില്‍ എത്തിയ ശേഷം നാലു തവണയാണ് സര്‍വകക്ഷി യോഗം വിളിച്ചത്. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം പോലും കൊടുക്കുന്നില്ലെന്നാണ് ധനമന്ത്രി പറയുന്നത്. അത് തെറ്റാണ്. പഞ്ചാബ് സര്‍ക്കാര്‍ മിനിമം ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചെന്നതാണ് യാഥാര്‍ഥ്യമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ദൈവമായാലും ചക്രവര്‍ത്തി ആയാലും വിമര്‍ശിക്കും; മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി ദൈവമല്ല ചക്രവര്‍ത്തി ആയാലും വിമര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ്
വി.ഡി സതീശന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയാണ്. അണികള്‍ ദൈവമാക്കിയതിനാല്‍ വിമര്‍ശനത്തിന് അതീതനാണെന്ന തോന്നലായിരിക്കും മുഖ്യമന്ത്രിക്ക്. ജനവിധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ളതാണ്. അല്ലാതെ ധാര്‍ഷ്ഠ്യം കാണിക്കാനുള്ളതല്ലെന്നും വി.ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.