പാപ്പയുടെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി 40 ദിന പ്രാര്‍ത്ഥനയുമായി സ്ലോവാക്യ

Spread the love

Picture

ബ്രാറ്റിസ്ലാവ: ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന് മുന്നൊരുക്കമായി നാല്പതു ദിവസം നീളുന്ന പ്രാര്‍ത്ഥനാചരണവുമായി സ്ലോവാക്യ.

സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ നടക്കുന്ന പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്ലോവാക്യയുടെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴാം തീയതി മുതല്‍ പ്രാര്‍ത്ഥന ആരംഭിക്കും. സെപ്റ്റംബര്‍ 15നാണ് പ്രാര്‍ത്ഥന മാരത്തോണ്‍ സമാപിക്കുക. ഓരോ വിശ്വാസിയും തങ്ങളുടെ ഭവനത്തിലോ ദേവാലയത്തിലോ, കൂട്ടായ്മയിലോ ഇരുന്നു ജപമാല അര്‍പ്പിച്ച് കൊണ്ട് ഈ ആത്മീയ ഒരുക്കത്തില്‍ പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനയിലൂടെ ആത്മീയ പൂച്ചെണ്ട് തയ്യാറാക്കുന്നതില്‍ പങ്കുകാരാകാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും ഈ സംരംഭത്തിലൂടെ ഓരോ വിശ്വാസിയും പരിശുദ്ധ പിതാവിന് വേണ്ടിയും സ്ലോവാക്യയ്ക്ക് വേണ്ടിയും പ്രാര്‍ത്ഥനയിലൂടെ ഓരോ പുഷ്പമര്‍പ്പിക്കുവാന്‍ കഴിയുമെന്നും സംഘാടകര്‍ പറഞ്ഞു.

പരിശുദ്ധ കന്യാമറിയത്തിന്റെയും അവളുടെ ജീവിത പങ്കാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെയും മാതൃക സ്വീകരിക്കാന്‍ സ്ലോവാക്യയിലെ മെത്രാന്മാര്‍ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പാപ്പയുടെ സന്ദര്‍ശനത്തിന് ആത്മീയമായി ജനങ്ങളെ ഒരുക്കുന്നതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ബ്രാറ്റിസ്ലാവ സഹായമെത്രാന്‍ മോണ്‍. ജോസഫ് ഹാക്കോയും എല്ലാ ദിവസവും ജപമാല പ്രാര്‍ത്ഥിക്കാനും വിശ്വാസികളെ ക്ഷണിച്ചിട്ടുണ്ട്.

13ന് സ്ലോവാക്യന്‍ പ്രസിഡന്റ്, മെത്രാന്മാര്‍, പുരോഹിതന്മാര്‍, മതനേതാക്കള്‍ തുടങ്ങിയവരുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് റോമ (നാടോടി) സമുദായവുമായി പാപ്പ സമയം പങ്കിടും. 15ന് സാസ്റ്റിനില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്കു മടങ്ങും.

Author

Leave a Reply

Your email address will not be published. Required fields are marked *