രോഗവ്യാപനം തടയാന്‍ ഫലപ്രദം കണ്ടെയിന്‍മെന്റ് സംവിധാനം
കണ്ണൂർ:കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇതുള്‍പ്പെടെയുള്ള കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് കേന്ദ്രസംഘം ഇക്കാര്യം വ്യക്തമാക്കിയത്.
സപ്തംബര്‍- ഒക്ടോബര്‍ മാസത്തോടെ മാത്രമേ രാജ്യത്ത് സമ്പൂര്‍ണമായി കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത് പൂര്‍ത്തിയാക്കാനാവൂ എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ മൂന്നാം തരംഗത്തെ നേരിടാന്‍ ശക്തമായ പ്രതിരോധ നടപടികളാണ് പ്രധാനം. വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ പോലും അത് സമ്പൂര്‍ണ പ്രതിരോധം നല്‍കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തുക മാത്രമാണ് കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ഫലപ്രദമായ മാര്‍ഗം.
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ കുറ്റമറ്റ രീതിയിലാണ് കണ്ടെയിന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്താനായതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഇതേക്കുറിച്ച് കൃത്യമായ അവബോധമുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ നല്ല ജാഗ്രതയും പ്രതിബദ്ധതയുമാണ് അവര്‍ കാണിക്കുന്നത്. നഗരപ്രദേശങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ കുറച്ചുകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യപാനം തടയാന്‍ കണ്ടെയിന്‍മെന്റിനൊപ്പം ഹോംകെയര്‍ സംവിധാനം കുറേക്കൂടി കര്‍ശനമാക്കണം. കൊവിഡിന്റെ മൂന്നാംതരംഗം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഐസിയു പ്രവേശനം നിരന്തരം നിരീക്ഷിക്കണം. രോഗവ്യാപനം തീവ്രമായാല്‍ നേരിടാന്‍ കഴിയും വിധം അധിക മനുഷ്യശേഷിയും ആശുപ്രതി സൗകര്യങ്ങളും മുന്നൊരുക്കമെന്ന നിലയില്‍ തയ്യാറാക്കി നിര്‍ത്തണമെന്ന് സംഘം നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഐസിയു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് ആവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സംഘം നിര്‍ദ്ദേശിച്ചു.