ദ്വിതീയ തലത്തിലെ ഐ.സി.യു.കൾ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും

Spread the love

മൂന്നാംതരംഗം മുന്നൊരുക്കം: പ്രധാന ആശുപത്രികളുടെ യോഗം ചേർന്നു

തിരുവനന്തപുരം: മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേർന്നു. മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറൽ ആശുപത്രികളിലുള്ള ഐ.സി.യു. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ഈ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. ഇതിലൂടെ ജില്ലാ, ജനറൽ ആശുപത്രികളിലെ ഐ.സി.യു. രോഗികളുടെ ചികിത്സയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാൻ സാധിക്കും. ഇതിലൂടെ മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനും ദ്വിതീയ തലത്തിൽ തന്നെ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാനും സാധിക്കും.

ആശുപത്രികളിൽ കിടക്കകളും, ഓക്സിജൻ കിടക്കകളും, ഐ.സി.യു.കളും, വെന്റിലേറ്റർ സൗകര്യങ്ങളും പരമാവധി ഉയർത്തണമെന്ന് മന്ത്രി വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. സംസ്ഥാനതലത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ജില്ലാ തലത്തിൽ ഡി.എം.ഒ.മാരും ആശുപത്രികളുടെ സൗകര്യങ്ങൾ വിലയിരുത്തണം. മെഡിക്കൽ കോളേജുകളിലും മറ്റാശുപത്രികളിലും അവലോകനം നടത്തി മേൽനടപടികൾ സ്വീകരിക്കണം. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ ശക്തിപ്പെടുത്തണം. ആശുപത്രികൾക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതൽ ശേഖരം ഉറപ്പ് വരുത്തണം. പീഡിയാട്രിക് സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ ഇടപെടൽ നടത്തണം. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടാതെ സമാന്തരമായി മുന്നൊരുക്കം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലുമുള്ള രോഗികളുടെ എണ്ണം വലുതായി വർധിക്കുന്നില്ല. രണ്ടാം തരംഗം അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് മൂന്നാം തരംഗം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. മൂന്നാം തരംഗം മുന്നിൽ കണ്ട് ആശുപത്രികളിൽ കിടക്കകൾ, അടിസ്ഥാന സൗകര്യം എന്നിവ വികസിപ്പിച്ച് വരുന്നതായി വകുപ്പ് മേധാവികൾ അറിയിച്ചു. രോഗികളെ പരമാവധി കണ്ടെത്തുന്നതിന് പരിശോധനകൾ വർധിപ്പിക്കും. പ്രഥാമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഡി.എം.ഒ.മാർ അറിയിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ജില്ലകളിൽ ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ സജ്ജമാക്കി വരുന്നതായി മന്ത്രി അറിയിച്ചു. ആഗസ്റ്റ് മാസത്തിൽ 33 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ഓരോ ആശുപത്രികളും കിടക്കകൾ, ഓക്സിജൻ ബെഡ്, ഐ.സി.യു. എന്നിവയുടെ എണ്ണം കൃത്യമായി അറിയിക്കണം. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ നടത്തും. വകുപ്പ് മേധാവികൾ ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തെന്ന് ഉറപ്പ് വരുത്തണം. അനധികൃത ലീവെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *