പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ ആറു മാസത്തിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായി പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏഴല്ലൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുവാന്‍ സാധ്യത കൂടുതലാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ക്യാമ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. ഇവരുടെ എല്ലാം ഹെല്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകള്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിന് പുറമേ കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തുക, ചിട്ടയായ വ്യായാമത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, കൃത്യമായ ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിലൂടെ രോഗങ്ങള്‍ക്കെതിരെയുള്ള ഒരു ആരോഗ്യ രക്ഷാകവചം കുട്ടികള്‍ക്ക് മേല്‍ തീര്‍ക്കാകാനാവുമെന്ന് അധികൃതര്‍ പറഞ്ഞു.

കുമാരമംഗലം ഗ്രാമപഞ്ചായത്ത് 63 നമ്പര്‍ അംഗന്‍വാടിയില്‍ നടത്തിയ ക്യാമ്പ് കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീന നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജി ചെമ്പകശ്ശേരി അധ്യക്ഷനായി. വാര്‍ഡ് മെമ്പറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഉഷാ രാജശേഖരന്‍ സംസാരിച്ചു. ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി യിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി.പി. ക്യാമ്പിന് നേതൃത്വം നല്‍കി. ആയുര്‍രക്ഷാ ക്ലിനിക് വാളണ്ടിയര്‍മാരായ ഡോ. അപ്സര.എ.വി., വിനോദ് കെ.എന്‍, അനിതാ വിനോദ്, അംഗന്‍വാടി ടീച്ചര്‍മാര്‍, വര്‍ക്കര്‍മാര്‍, ഏഴല്ലൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ജീവനക്കാരായ അനില്‍ കുമാര്‍, റോമി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 13 അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് ആറ് മാസത്തിനും 12 വയസിനും ഇടയിലുള്ള മുഴുവന്‍ കുട്ടികളെയും മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിക്കും. ആവശ്യമായ ഔഷധങ്ങള്‍ സൗജന്യമായി നല്‍കുവാനുമാണ് പദ്ധതി.

Author

Leave a Reply

Your email address will not be published. Required fields are marked *