കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ വിവാദമായിരുന്നു ഏറെ ചര്‍ച്ചയായത്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ വിമര്‍ശനങ്ങളുയരുകയും മുഖ്യമന്ത്രിക്കെതിരെ കേസിലെ പ്രതി സരിതാ നായര്‍ മൊഴി നല്‍കുകയും ചെയ്തു. ഇതിന്റെ പേരില്‍ അന്നു സംസ്ഥാനത്ത് നടന്ന സമരകോലാഹലങ്ങള്‍ ആരും മറന്നിട്ടില്ല.
ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു അന്നത്തെ സര്‍ക്കാര്‍ ചെയ്തത്. ഇതോടെയാണ് പ്രതിപക്ഷ സമരം അവസാനിച്ചതും. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഈ സര്‍ക്കാരിനാണ് ലഭിച്ചത് . എന്നാല്‍ അന്ന് സമരത്തില്‍ കാണിച്ച ഉര്‍ജ്ജമോ ഉത്സാഹമോ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാന്‍ ഈ സര്‍ക്കാര്‍ കാണിച്ചില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരേയും അന്ന് അന്വേഷണ വിധേയമായി ചോദ്യം ചെയ്യുകയും പുറത്താക്കുകയും ഒക്കെ ചെയ്തു. സോളാര്‍ വിവാദം തന്നെയാണ് ഒന്നാം പിണറായി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ചതും.
ഇപ്പോളും കാര്യങ്ങള്‍ വിത്യസ്തമല്ല. സോളാര്‍ എന്ന പേരിന് പകരം ഡോളര്‍ എന്നാണ് പേരെന്നു മാത്രം. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ. ഓഫീസിലുള്ളവരെ ചോദ്യം ചെയ്യുകയും സസ്‌പെന്‍ഡ് ചെയ്യുകയുമൊക്കെ ചെയ്തു. മൊഴി മുഖ്യമന്ത്രിക്കെതിരെയും വന്നു.
ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പേ വന്നതാണെന്നും ജനം തള്ളിക്കളഞ്ഞതാണെന്നുമാണ് സര്‍ക്കാര്‍ വാദം . എന്നാല്‍ ഇപ്പോള്‍ ഈ മൊഴി തന്നെ പുറത്തു വന്നിരിക്കുകയാണ്. ശക്തമായ സമരത്തിലേയ്ക്ക് പ്രതിപക്ഷവും കടക്കുന്നില്ല. തെരഞ്ഞെടുപ്പുകളൊന്നും പടിവാതില്‍ക്കലില്ലാത്തതാണോ കാരണമെന്നറിയില്ല.
യുഡിഎഫിന്റെ കാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ജുഡീഷ്യല്‍ അന്വേഷണമെങ്കില്‍ ഇവിടെ അന്വേഷണ എജന്‍സികള്‍ക്ക് നേരെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഒരു പായ്ക്കറ്റ് നിറച്ച് നോട്ടുകെട്ടുകള്‍ ദുബായ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രിക്ക് കൊണ്ടുപോയി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡോളര്‍ കടത്തിയതെന്നുമാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി.
പ്രതിപക്ഷം ഒരു വഴിപാട് പോലെ വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് ഒരു താത്പര്യവും കാണിക്കുന്നില്ല. ബിജെപിയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കോഴക്കേസുകളും കള്ളപ്പണക്കേസുകളും കേരളത്തില്‍ അന്വേഷണം നടക്കുന്നത് കൊണ്ടാവാം ബിജെപിയും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണ്.
സോളാര്‍ പ്രശ്‌നം കേരളത്തില്‍ പ്രതിഷേധ കൊടുങ്കാറ്റായി ആഞ്ഞടിച്ചെങ്കില്‍ ഡോളര്‍ വിവാദം വഴിപാട് പ്രതിഷേധങ്ങളില്‍ ഒതുങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
em