തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയും ഇടപെട്ടു എന്ന് സ്വപ്ന സുരേഷും സരിതും കസ്റ്റംസിന് നല്‍കിയ മൊഴിയായിരിന്നു അടിയന്തരപ്രമേയ നോട്ടീസിന് ആധാരം. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ദുര്‍ബലപ്പെടുത്തുന്ന ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടു എന്നത്
ഞെട്ടിക്കുന്നതാണെന്ന് അടിയന്തരപ്രമേയ നോട്ടീസില്‍ പി.ടി തോമസ് എം.എല്‍.എ പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നെങ്കിലും പ്രതികരിച്ചതേയില്ല. അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി. അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ നേരത്തെയും അടിയന്തരപ്രമേയ നോട്ടിസായി പരിഗണിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ വാദങ്ങള്‍ സ്പീക്കറോ സര്‍ക്കാരോ അംഗീകരിച്ചില്ല.
സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാകവാടത്തില്‍ ധര്‍ണ നടത്തി. പിന്നാലെ സഭയ്ക്ക് പുറത്ത് പ്രതീകാത്മകമായി അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍ സ്പീക്കറായി. പി.കെ ബഷീര്‍ മുഖ്യമന്ത്രിയായി. പി.ടി.തോമസ് പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ
നേതാവ് വി.ഡി. സതീശനും കക്ഷി നേതാക്കളും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുള്ള മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എന്‍. ഷംസുദീന്‍ അറിയിച്ചതോടെ പ്രതിപക്ഷത്തിന്റെ പ്രതീകാത്മക പ്രതിഷേധം അവസാനിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഭയ്ക്ക് പുറത്ത് പ്രതികാത്മകമായി അടിയന്തരപ്രമേയ നോട്ടീസ് അവതിരിപ്പിക്കുകയെന്ന അപൂര്‍വതയാണ് ഇന്ന് കേരള നിയമസഭയില്‍ കണ്ടത്.