പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് നിയമസഭാ കവാടത്തില്‍ നടത്തിയ പ്രസംഗം

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളക്കേസെടുത്തവര്‍ക്ക് കാലം നല്‍കിയ തിരിച്ചടി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന ചട്ടമാണ് സ്പീക്കറും നിയമ മന്ത്രിയും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കോടതി പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കീഴ് വഴക്കം കേരള

നിയമസഭയ്ക്കുണ്ട്. ചട്ടത്തിനും റൂളിംഗിനും ഉപരിയായി കീഴ് വഴക്കത്തിനാണ് പ്രധാന്യമെന്ന് സ്പീക്കര്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയതുമാണ്. അതിനു പിന്നാലെയാണ് ഇന്ന് ചട്ടം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരായ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നത്. ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ല. നിരപരാധിയായ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തവര്‍ക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ നടത്തിയ പ്രതീകാത്മക അടിയന്തിര പ്രമേയ അവതരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശിവശങ്കരന്റെ മൊഴി മുഖ്യമന്ത്രിക്ക് എതിരല്ലെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നാണ് പറയുന്നത്. മറ്റൊരു തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും സി.പി.എം മറക്കരുത്. സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ തെറ്റായിരുന്നെങ്കില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Swapna Suresh

കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി സി.ആര്‍.പി.സി 166 പ്രകാരമുള്ള കുറ്റസമ്മതത്തിനു തുല്യമാണ്. ഇത് തെളിവായി കോടതി പരിഗണിക്കും. മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി നയതന്ത്ര ചാനല്‍ വഴി ഒരു പാക്കറ്റ് കൊണ്ടുപോയെന്നാണ് സ്വര്‍ണക്കടത്തു പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. പാക്കറ്റിലുള്ളത് അതിഥികള്‍ക്കുള്ള സമ്മാനമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് വിദേശ കറന്‍സി ആയിരുന്നെന്നാണ് സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്.
Kerala gold smuggling case is being investigated by the NIA
സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികളെ നിരന്തരമായി തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ആദ്യം ബാലാവകാശ കമ്മിഷനെ ഉപയോഗിച്ചു. പിന്നീട് നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ഉപയോഗിച്ചു. പിന്നാലെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസെടുപ്പിക്കുകയും ജഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കുകയും ചെയ്തും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തു. രഹസ്യങ്ങള്‍ ഒളിച്ചുവയ്ക്കാനായി എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *