‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കും

Spread the love

 

പത്തനംതിട്ട : ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രമായി ഒതുങ്ങിയ സ്‌കൂള്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

post

കോവിഡിന്റെ ഈ കാലത്ത് വീടുകളില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ട നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകളായിരുന്നു പഠനത്തിന് ആദ്യ ആശ്രയം. ഇപ്പോള്‍ അതതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ ക്ലാസുകളും മറ്റുമുണ്ട്. എന്നാല്‍ കൂട്ടുകൂടാനും അധ്യാപകരുമായി മുഖാമുഖം സംവദിക്കാനുമൊക്കെ കഴിയാതെ വരുന്ന ബാലകരും കൗമാരക്കാരുമെല്ലാം വലിയതോതിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ജീവിതത്തിന്റെ താളക്രമം തെറ്റിയതുമൂലമുള്ള പ്രയാസങ്ങള്‍ക്കിടയില്‍ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ രക്ഷിതാക്കള്‍ക്കു കഴിയുന്നുമില്ല. ഇതു പരിഹരിക്കാനുള്ള പരിശ്രമമാണു രക്ഷിതാക്കള്‍ക്കു നല്‍കുന്ന ശാക്തീകരണ പരിപാടി.

ചെറിയ സമയത്തിനുള്ളില്‍ ഏറ്റവും പ്രസക്തമയ കാര്യങ്ങളിലേക്കു വിരല്‍ചൂണ്ടാനാണു മക്കള്‍ക്കൊപ്പം ക്ലാസിലൂടെ ശ്രമിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് കോഴിക്കോട് ജില്ലയില്‍ ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചത്. രക്ഷിതാക്കള്‍ ഏറെ താല്പര്യപൂര്‍വം ഈ ക്ലാസുകളില്‍ പങ്കെടുക്കുകയും ഉള്ളടക്കം സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഈ സംരംഭം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള പരിപാടികളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം മികച്ചതാക്കാനും മാനസിക പിന്‍ബലം നല്‍കാനും സാധിക്കും. കുട്ടികള്‍ക്ക് അവബോധം നല്‍കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം. ഈ പദ്ധതിയിലൂടെ വിദ്യാര്‍ഥികളുടെ മാനസിക ഉല്ലാസം മെച്ചപ്പെട്ടതാക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിശീലനം ലഭിച്ച വിദഗ്ധ അധ്യാപകര്‍ ഓണ്‍ലൈന്‍ മാധ്യമം വഴിയാണു രക്ഷിതാക്കളുമായി സംവദിക്കുന്നത്. അതതു വിദ്യാലയങ്ങളിലെ അധ്യാപകരും പി.ടി.എ.യുമാണ് സ്‌കൂള്‍തല സംഘാടനത്തിനു നേതൃത്വം നല്‍കുന്നത്. രക്ഷിതാക്കളുടെ സൗകര്യാര്‍ത്ഥം വൈകുന്നേരങ്ങളില്‍ ഏഴു മണിക്കുശേഷമാണ് ക്ലാസുകള്‍ നടത്തുന്നത്. നമ്മുടെ ജില്ലയില്‍ ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും തദ്ദേശഭരണ സാരഥികളും അധ്യാപക സംഘടനാ പ്രതിനിധികളും അംഗങ്ങളായുള്ള സംഘാടകസമിതി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *