കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് ജനങ്ങള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഹൗസ് സര്ജന്മാരോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്ജന്മാര്ക്ക് പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കുമ്പോള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്ജന്മാര്ക്ക് പതിനായിരം രൂപ പോലും കിട്ടുന്നില്ല. സ്വാശ്രയ മെഡിക്കല്‍ കോളജ് ഉടമകള്‍ തോന്നുംപടി പല കോളജുകളിലും പല തുകയാണ് നല്‍കുന്നത്.
ഹൗസ് സര്ജന്മാര് സമീപകാലത്തു നടത്തിയ സമരത്തെ തുടര്‍ന്ന് സ്റ്റൈപന്‍ഡ് തുക ഏകീകരിച്ചെങ്കിലും നടപ്പാക്കുന്നില്ല എന്നാണ് അവരുടെ ആക്ഷേപം. തങ്ങള്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഹൗസ് സര്ജന്മാര് സമരരംഗത്തേക്കിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.