ഓണസദ്യയൊരുക്കാന്‍ പാലമേല്‍ നല്‍കും ടണ്‍ കണക്കിന് പച്ചക്കറി

Spread the love

ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയത് 75 ഹെക്ടറില്‍

ആലപ്പുഴ: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓണത്തെ വരവേല്‍ക്കാനായി പാലമേലിലെ വിപണിയും കര്‍ഷകരും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ഓണ സദ്യ ഒരുക്കുന്നതിനായി ഇവിടെ നിന്നും പച്ചക്കറികള്‍ സംഭരിച്ച് കയറ്റി അയച്ചു തുടങ്ങി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ടണ്‍ പച്ചക്കറിയാണ് ഇതുവരെ വിവിധ ബ്ലോക്കുകളിലേക്കും ഓണചന്ത കളിലേക്കും ഹോര്‍ട്ടികോര്‍പ്പിലേക്കും നല്‍കിയത്.

post

അഞ്ച് ടണ്‍ വീതം ഏത്തക്കായ, ചേന, ഒന്നര ടണ്‍ വീതം ചേമ്പ്, ഇഞ്ചി, ഒരു ടണ്‍ വീതം മത്തന്‍, വെള്ളരി, പടവലം, 750 കിലോ വീതം തടിയന്‍ കായ,  കുമ്പളം, സാലഡ് വെള്ളരി, 500 കിലോ വീതം പയര്‍, പാവല്‍ എന്നിവയാണ് പാലമേലില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്റര്‍ കാര്‍ഷിക വിപണി വഴി സംഭരിച്ച് കയറ്റി അയച്ചത്. അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര ബ്ലോക്കുകളിലേക്കും ഹരിപ്പാട്, ആലപ്പുഴ ഹോര്‍ട്ടികോര്‍പ്പുകളിലേക്കും പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്കുമാണ് പച്ചക്കറികള്‍ നല്‍കിയത്.

ഓണവിപണി മുന്നില്‍ക്കണ്ട് പാലമേല്‍ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളി, ആദിക്കാട്ടുകുളങ്ങര, പളയില്‍, പള്ളിക്കല്‍ എന്നീ നാല്് ക്ലസ്റ്റ്റുകളിലും മറ്റ് ഇടങ്ങളിലുമായി 75 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. പ്രാദേശിക ഉപയോഗത്തിന് ആവശ്യമായതിലേറെ പച്ചക്കറികളാണ് പാലമേലില്‍ കൃഷി ചെയ്യുന്നത്. അതിനാലാണ് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് ഓണത്തിനുള്ള പച്ചക്കറികള്‍ എല്ലാ വര്‍ഷവും സംഭരിച്ച് നല്‍കുന്നത്. വരും ദിവസങ്ങളിലും പച്ചക്കറി സംഭരണം തുടരും. പച്ചക്കറി സംഭരണത്തിനും കയറ്റി അയയ്ക്കലിനും പാലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാര്‍, ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രജനി, പാലമേല്‍ കൃഷി ഓഫീസര്‍ പി. രാജശ്രീ, എഗ്രേഡ് ക്ലസ്റ്റര്‍ പ്രസിഡന്റ് എന്‍. വിശ്വംഭരന്‍, സെക്രട്ടറി ആര്‍. രവി എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *