ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷം; വിപുലമായ ആഘോഷമൊരുക്കി ജില്ല

Spread the love

post

ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ  വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച് ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങളുടെ പ്രതീകമായി 25 ദീപങ്ങള്‍ തെളിച്ചു. അഡ്വ. യു. പ്രതിഭ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിപിന്‍ സി. ബാബു, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ദീപം തെളിച്ചത്. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന മുന്‍ ഭരണസമിതി അംഗങ്ങളെ ആദരിക്കല്‍ അഡ്വ. യു. പ്രതിഭ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരെയും മുന്‍ ജനപ്രതിനിധികളെയും ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ. യു. പ്രതിഭയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷത വഹിച്ചു. രജതജൂബിലി ആഘോഷത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ചേര്‍ന്ന് അനാഛാദനം ചെയ്തു. ഒരു പഞ്ചായത്തിന്റെ പേരില്‍ ഒരു ഉല്‍പന്നം എന്ന നിലയില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ ബ്രാന്‍ഡിംഗ് നടത്തുന്നതിനുള്ള മാര്‍ഗരേഖ ജില്ല കളക്ടര്‍ക്ക് നല്‍കി അഡ്വ. യു. പ്രതിഭ എം.എല്‍.എ. പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ 25 മീറ്റര്‍ കാന്‍വാസില്‍ 25 വിദ്യാര്‍ഥികള്‍ പങ്കെടുത്ത് ചിത്രരചന മത്സരം നടത്തി. ജില്ല കളക്ടര്‍ ഉദ്ഘാടനം ചെയ്തു. പോപ്പ് പയസ് 11 ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സി.വി. അമൃത ഒന്നാംസ്ഥാനം നേടി. മംഗലം ജി.എച്ച്.എസ്.എസിലെ നന്ദഗോപന്‍ രണ്ടാം സ്ഥാനവും വട്ടയാല്‍ സെന്റ്മേരീസ് ഹൈസ്‌കൂളിലെ ടോണി ജസ്റ്റിന്‍ മൂന്നാം സ്ഥാനവും നേടി. ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ റവന്യൂ ജീവനക്കാരന്‍ കെ.ജി. വിനോദ് ഒന്നാംസ്ഥാനം നേടി. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജീവനക്കാരന്‍ എം.എം. അഭിലാഷ് രണ്ടാമതും തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരന്‍ കണ്ണന്‍ സി. ഹരിദാസ് മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്ക് എം.എല്‍.എ. പുരസ്‌കാരം നല്‍കി. ആഘോഷപരിപാടികളില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ എ. ശോഭ, വത്സല ടീച്ചര്‍, എം.വി. പ്രിയ ടീച്ചര്‍, അഡ്വ. ടി.എസ്. താഹ, ജോണ്‍ തോമസ്, അഡ്വ. പി.എസ്. ഷാജി, എന്‍.എസ്. ശിവപ്രസാദ്, ബിനിത പ്രമോദ്, വി. ഉത്തമന്‍, ആര്‍. റിയാസ്, ബിനു ഐസക് രാജു, ജി. ആതിര, ഹേമലത ടീച്ചര്‍, മഞ്ജുളാദേവി, അഡ്വ. കെ. തുഷാര, നികേഷ് തമ്പി, കെ.ജി. സന്തോഷ്, പി.അഞ്ജു, ഗീതാ ബാബു, സജിമോള്‍ ഫ്രാന്‍സിസ്, ജില്ല പ്ലാനിങ് ഓഫീസര്‍ എസ്. സത്യപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *